മഹാശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 15-ന് ബെംഗളൂരുവിലെ എല്ലാ ഇറച്ചിക്കടകളും അറവുശാലകളും അടച്ചിടാൻ ഉത്തരവ്. ബൃഹത് ബെംഗളൂരു അതോറിറ്റി (GBA) ആണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 15ന് നഗരപരിധിയിൽ മൃഗങ്ങളെ അറുക്കുന്നതും മാംസം വിൽക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറച്ചി കടകൾ, ചിക്കൻ, മട്ടൺ, മത്സ്യ സ്റ്റാളുകൾ, അറവുശാലകൾ, ഓൺലൈൻ മീറ്റ് ഡെലിവറി എന്നിവയ്ക്ക് ഈ നിരോധനം ബാധകമാണ്. നിരോധനം ലംഘിക്കുന്നവർക്കെതിരെ പിഴയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
േനരത്തെ അയോധ്യയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മാംസാഹാരത്തിന് കർശന നിരോധനം ഏർപ്പെടുത്തുമെന്ന് ഭക്ഷ്യ കമ്മീഷണർ മണിക് ചന്ദ്ര സിങ് പ്രഖ്യാപിച്ചിരുന്നു. ദസറ, ഗാന്ധി ജയന്തി ദിവസങ്ങളിൽ മാംസക്കടകൾ അടച്ചിടാൻ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടിരുന്നു. റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും മാംസാഹാര വസ്തുക്കളുടെ വിൽപ്പനയ്ക്ക് ഒരു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.