30 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ ശാസിച്ചതിനെത്തുടര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. താന്‍ നിരപരാധിയാണെന്നും ഈ അപമാനം താങ്ങാവുന്നതിനും അപ്പുറമാണെന്നും പറഞ്ഞ് കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
താന്‍ ചെയ്യാത്ത കാര്യം ചെയ്തെന്ന് ആരോപിച്ച് അധ്യാപകര്‍ നടത്തുന്ന ചോദ്യംചെയ്യല്‍ താങ്ങാവുന്നതിലും അപ്പുറമാണെന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് ആണ് ബെംഗളൂരു പൊലീസ് കണ്ടെടുത്തത്. വെറും 30 രൂപയുടെ പേരില്‍ വിദ്യാര്‍ഥിനി നേരിട്ടത് കടുത്ത അപമാനമാണെന്നാണ് പുറത്തുവരുന്ന വിവരം. അനേകല്‍ താലൂക്കിലെ മരസുരുവിലെ സ്കൂളിലാണ് സംഭവം.
വിദ്യാര്‍ഥിനിയെ ഇന്ന് രാവിലെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ പണം മോഷ്ടിച്ചിട്ടില്ലെന്നും ഈ വ്യാജ ആരോപണം സഹിക്കാന്‍ പറ്റില്ലെന്നുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അമ്മയോടും സഹോദരങ്ങളോടും മാപ്പ് ചോദിച്ചാണ് ആത്മഹത്യാക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
മകള്‍ക്ക് വീട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സ്കൂളിലെ അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്നും മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)