മത്സരം പുരോഗമിക്കുന്നതിനിടെ കബഡി താരത്തെ ഒരു സംഘം വെടിവച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച പഞ്ചാബിലെ മൊഹാലിയിൽ ആണ് സംഭവം. മോട്ടോർസൈക്കിളിൽ എത്തിയ അക്രമികൾ, സെൽഫിയെടുക്കാനെന്ന വ്യാജേന കബഡി താരം റാണ ബലചൗരിയയുടെ അടുത്തെത്തിയ ശേഷമാണ് വെടിയുതിർത്തതെന്ന് പോലീസ് പറയുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബംബിഹ ഗ്യാങ് ഏറ്റെടുത്തു. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലയാളികൾക്ക് റാണ അഭയം നൽകിയെന്ന് പറഞ്ഞായിരുന്നു അക്രമം. വെടിവപ്പില്‍ ഗുരുതരമായി പരുക്കേറ്റ റാണയെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ നാലോ അഞ്ചോ ഭാഗത്ത് താരത്തിനു വെടിയേറ്റിരുന്നു.
രണ്ടോ മൂന്നോ പേരാണ് ൈബക്കിലെത്തി താരങ്ങള്‍ക്ക് സമീപത്തേക്ക് പെട്ടെന്നെത്തിയത്. സെല്‍ഫി എടുക്കാനെന്ന രീതിയിലെത്തി വെടിയുതിര്‍ക്കുകയായിരുന്നെന്ന് മൊഹാലി എസ്.എസ്.പി ഹർമൻദീപ് ഹാൻസ് പറഞ്ഞു. സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും പൊലീസ് പറയുന്നു.
കബഡി താരം റാണ എതിരാളി സംഘങ്ങളായ ജഗ്ഗു ഭഗവാൻപുരിയ, ലോറൻസ് ബിഷ്‌ണോയ് എന്നിവരുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നതായി ബംബിഹ ഗ്യാങ് ഒരു പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്. മഖൻ അമൃത്സർ, കരൺ എന്നിവരാണ് ആക്രമണം നടത്തിയതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
മാച്ചിലേക്ക് എത്താനിരുന്ന പ്രമുഖ ഗായകനുമായി സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. ചില ടീമുകള്‍ക്കെതിരെ മത്സരിക്കുന്നതില്‍ താരങ്ങളും മാതാപിതാക്കളും പ്രത്യേകം ചിന്തിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവമെന്നാണ് വിലയിരുത്തല്‍.
സംഭവത്തില്‍ ആംആദ്മി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് റാണയുടെ കൊലപാതകം. സംസ്ഥാനത്ത് ക്രമസമാധാന നില കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ‘രംഗ്ല പഞ്ചാബ്’ നയത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കൊലപാതകത്തിന് ഉത്തരവാദി എഎപി ആണെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ ആരോപിച്ചു. ആളുകൾ തിങ്ങിനിറഞ്ഞ പൊതുപരിപാടികളിൽ വെടിയുതിർക്കാൻ മാത്രം കുറ്റവാളികൾക്ക് ധൈര്യം കൂടിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.