Image: Linkedin/ Santosh G Patole

കാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയതോടെ തന്നെ പിരിച്ചുവിട്ട ഐടി കമ്പനിക്കെതിരെ പ്രതിഷേധവുമായി ജീവനക്കാരന്‍. മഹാരാഷ്ട്രയിലെ പൂണെയിലെ യെര്‍വാഡ കൊമേഴ്‌സ് സോണിലാണ് സംഭവം. സന്തോഷ് പടോള്‍ എന്ന യുവാവിനെയാണ് ബഹുരാഷ്ട്ര ഐടി കമ്പനിയായ എസ്.എല്‍.ബി പിരിച്ചുവിട്ടത്.  കഴിഞ്ഞ എട്ട് വര്‍ഷമായി ഇവിടെ ഫെസിലിറ്റി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്. നടപടിക്ക് പിന്നാലെ കമ്പനിക്ക് മുന്‍പില്‍ സന്തോഷ് നിരാഹാരം ആരംഭിച്ചു.

ഈ വർഷം ഏപ്രിലിൽ വര്‍ഷംതോറും നടത്തിവാരാറുള്ള കമ്പനിയുടെ ഹെല്‍ക്ക് ചെക്കപ്പിനിടെയാണ് സന്തോഷിന് തൈറോയ്ഡ് നോഡ്യൂൾ ഇസ്ത്മസ് കാൻസർ കണ്ടെത്തിയത്. റിപ്പോർട്ട് ലഭിച്ചയുടനെ, മെയ്, ജൂൺ മാസങ്ങളിൽ ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കുമായി അദ്ദേഹം മെഡിക്കൽ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ജൂൺ വരെ അദ്ദേഹത്തിന്റെ ചികില്‍സാ ചെലവുകൾ കമ്പനി വഹിച്ചുകൊണ്ടിരുന്നു. എന്നാല്‍ ജൂലൈയില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് കമ്പനി സന്തോഷിന് ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കുന്നത്. ജോലി നഷ്ടപ്പെടുക മാത്രമല്ല ഇതോടെ അദ്ദേഹത്തിന്‍റെ തുടര്‍ ചികില്‍സയും അവതാളത്തിലായി.

കമ്പനിക്ക് മൂന്ന് കോടി രൂപ വരെ നഷ്ടമുണ്ടാക്കിയേക്കാവുന്ന തീരുമാനം സന്തോഷ് കൈക്കൊണ്ടുവന്നതാണ് പിരിച്ചുവിടലിന് കാരണമായി കമ്പനി പറയുന്നത്. എന്നാല്‍ പ്രസ്തുത പ്രൊജക്ട് ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ ഈ ആരോപണം പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സന്തോഷ് പറയുന്നു. തന്റെ വിശദീകരണങ്ങളൊന്നും കേൾക്കാൻ കമ്പനി തയ്യാറായില്ലെന്നും ചികില്‍സയിലിരിക്കെ തന്നെ പിരിച്ചുവിട്ടതായും സന്തോഷ് ആരോപിച്ചു.

പിരിച്ചുവിടലോടെ കമ്പനി വഴി ലഭിച്ചിരുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സും നിലച്ചു. ഇത് തന്നെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിയതായും സന്തോഷ് പറയുന്നുണ്ട്. സന്തോഷിന്‍റെ നിരാഹാരവും വെളിപ്പെടുത്തലുകളും തൊഴിൽ സുരക്ഷയെയും കമ്പനികളുടെ ധാർമ്മിക ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്.

ENGLISH SUMMARY:

Santhosh Patole, a Facility Manager who worked for eight years at the multinational IT company SLB in Pune, was fired after he was diagnosed with Thyroid Nodule Isthmus Cancer during the company's annual health check-up in April. After taking medical leave for surgery and treatment in May-June (with expenses covered initially), Patole was served a termination letter in July just before he was due to rejoin, halting his ongoing treatment and income. SLB cited project decisions that could potentially cause a ₹2.5-3 crore loss, an allegation Patole calls false as the project was never executed. Patole is now staging a hunger strike outside the Pune office, demanding justice and highlighting the ethical failure of companies regarding employee job security and medical welfare.