Image Credit: x/Spearcorps
അരുണാചല്‍ പ്രദേശിലെ ഹയുലിയാങ്– ചാഗ്ലഗാം റോഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 മരണം. അസമിലെ തിന്‍സുകിയയില്‍ നിന്ന് തൊഴിലാളികളുമായി പോയ ബസാണ് ചൈന അതിര്‍ത്തിക്കടുത്ത് അപകടത്തില്‍പ്പെട്ടത്. 21 പേരാണ് ആകെ ബസിലുണ്ടായിരുന്നത്. തിങ്കളാഴ്ചയായിരുന്നു അപകടം. അപകടത്തില്‍ നിന്ന് രക്ഷപെട്ടവരില്‍ ഒരാള്‍ നടന്ന് രാവിലെ പതിനൊന്ന് മണിയോടെ മുകളിലെത്തി അധികൃതരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 45 കിലോ മീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായത്. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരെ നിന്നുമാണ് ബസ് കൊക്കയിലേക്ക് പതിച്ചത്.
കെട്ടിട നിര്‍മാണ ജോലികള്‍ക്കായി ഏഴാം തീയതിയാണ് തൊഴിലാളികള്‍ തിന്‍സുകിയയില്‍ നിന്ന് യാത്ര തിരിച്ചത്. ഇന്നലെയായിരുന്നു ഇവര്‍ ജോലി സ്ഥലത്ത് എത്തേണ്ടിയിരുന്നത്. ഒരാളും എത്താതിരുന്നതോടെ കോണ്‍ട്രാക്ടര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പ്രാദേശിക തലത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് പരുക്കേറ്റവരില്‍ ഒരാള്‍ ഇന്ന് നടന്ന് ബോര്‍ഡര്‍ റോഡ്സ് ടാസ്ക് ഫോഴ്സ് ക്യാംപിലെത്തി വിവരം അറിയിച്ചത്. പരുക്കേറ്റയാള്‍ക്ക് ഉടനടി പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ശേഷമുള്ളവരെ തിരഞ്ഞിറങ്ങുകയുമായിരുന്നുവെന്ന് ബിആര്‍ടിഎഫ് അറിയിച്ചു. ചഗ്ലഗാം എത്താന്‍ 11 കിലോമീറ്റര്‍ മാത്രം ശേഷിക്കെ ബസ് റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് നിഗമനം. പ്രദേശത്ത് മൊബൈല്‍ കണക്ടിവിറ്റി ഇല്ലാത്തതും വിവരം പുറംലോകമറിയുന്നതിന് തടസമായി.
മൃതദേഹങ്ങള്‍ പലതും ബസിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ചിലരുടേത് ചിതറിത്തെറിച്ച് പലയിടങ്ങളില്‍ നിന്നും കണ്ടെത്തി. അപകടത്തില്‍ തലയ്ക്ക് മാരകമായി പരുക്കേറ്റവരില്‍ ഒരാളെ അസമിലേക്ക് മാറ്റി. അസംപൊലീസിന്‍റെയും ദേശീയ ദുരന്തനിവാരണ സൈന്യത്തിന്‍റെയും കൂടി സഹായത്തോടെയാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരുക്കുകളോടെ രക്ഷപെട്ടവരെയും ആശുപത്രികളിലേക്ക് എത്തിച്ചത്. അപകടത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ അനുശോചിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് വേണ്ട ചികില്‍സ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉറ്റവരെ നഷ്ടമായവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.