തിരുപ്പതി ക്ഷേത്രത്തിലേക്ക് പട്ട് വാങ്ങിയതില്‍ വന്‍ തിരിമിറിയെന്ന് കണ്ടെത്തല്‍. 2015 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് 54 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. പട്ടെന്ന് പറഞ്ഞ് വാങ്ങിക്കൂട്ടിയത് പോളിസ്റ്റര്‍–സില്‍ക്ക് മിക്സായിരുന്നുവെന്നാണ് കണ്ടെത്തല്‍. 15000 പട്ട് ഷാളുകള്‍ പട്ടൊന്നിന് 1389 രൂപയെന്ന നിരക്കിലാണ് കോണ്‍ട്രാക്ടര്‍ നല്‍കിയത്. ശുദ്ധമായ പട്ടാണെന്നായിരുന്നു വാദം. ഇത് പരിശോധിക്കുന്നതിനായി സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡുള്‍പ്പടെ രണ്ട് ലാബുകളിലേക്ക് അയച്ചു. പരിശോധനയിലാണ് പട്ടല്ല, പോളിസ്റ്ററാണെന്ന് തെളിഞ്ഞത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എസിബിക്ക് അന്വേഷണം കൈമാറിയെന്ന് തിരുപ്പതി ദേവസ്വം ചെയര്‍മാന്‍ ബി.ആര്‍.നായിഡു പറഞ്ഞു.
2024 സെപ്റ്റംബറിലാണ് തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ന്ന നെയ്യ് ഉപയോഗിച്ചതായി കണ്ടെത്തിയത്. ശുദ്ധമായ പശുവിന്‍ പാലില്‍ നിന്നുള്ള നെയ്യ് മാത്രം പ്രസാദമുണ്ടാക്കാന്‍ ഉപയോഗിക്കണമെന്നാണ് ചട്ടം. വിവാദമുയര്‍ന്നതിന് പിന്നാലെ സിബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
2023 ല്‍ തിരുപ്പതിയിലെ ഭണ്ഡാരത്തില്‍ ഭക്തര്‍ അര്‍പ്പിച്ച സംഭാവനയില്‍ നല്ലൊരു പങ്ക് മോഷണം പോയതായും വിവാദമുയര്‍ന്നിരുന്നു. കേസില്‍ ക്ഷേത്രവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മഠത്തിലെ ക്ലര്‍ക്ക് രവികുമാര്‍ എന്നയാള്‍ പിടിയിലാകുകയും ചെയ്തിരുന്നു.