• ചട്ടലംഘനമെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍
  • നേരത്തെ 17 ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തു

ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാരനെ തിരുപ്പതി ദേവസ്വം ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്‍ഡ് എക്സിക്യുട്ടിവ് ഓഫിസറായ എ.രാജശേഖര്‍ ബാബുവിനെയാണ് അടിയന്തര പ്രാധാന്യത്തോടെ പുറത്താക്കിയത്. എല്ലാ ഞായറാഴ്ചകളിലും രാജശേഖര്‍ നാട്ടിലുള്ള ക്രിസ്ത്യന്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഹൈന്ദവാചാര പ്രകാരം മുന്നോട്ടു പോകുന്ന ട്രസ്റ്റിന്‍റെ ചട്ടങ്ങള്‍ക്ക് ഇത് വിരുദ്ധമായതിനാലാണ് രാജശേഖറിനെതിരെ നടപടിയെടുത്തത്. 

തിരുപ്പതി ദേവസ്വം ജീവനക്കാര്‍ക്കായുള്ള സര്‍വീസ് നിയമത്തില്‍ 'ഹിന്ദുമതം പിന്തുടരുന്നവര്‍ക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുള്ളത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, ഹിന്ദു ധര്‍മങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരാകണം ജീവനക്കാരെന്നും ഹൈന്ദവേതര ആചാരങ്ങളില്‍ നിന്നും ജീവിതരീതികളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും 2007 ല്‍ കൂട്ടിച്ചേര്‍ത്ത ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി തെളിഞ്ഞാല്‍ മതിയായ നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വത്തിന് അധികാരമുണ്ടായിരിക്കുമെന്നും സര്‍വീസ് റൂളില്‍ വിശദീകരിക്കുന്നു.

തിരുപ്പതി ജില്ലയിലെ പുത്തൂരിലെ നാട്ടിലെത്തി രാജശേഖര്‍ ബാബു പതിവായി ക്രിസ്ത്യന്‍ പ്രാര്‍ഥനയില്‍ ഞായറാഴ്ചകളില്‍ പങ്കുചേരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ക്ഷേത്രഭരണ സമിതി പ്രസ്താവനയില്‍ അറിയിച്ചു.  ഹിന്ദുമതാചാരങ്ങള്‍ പിന്തുടരുന്ന ട്രസ്റ്റിന്‍റേതായ ചിട്ടവട്ടങ്ങള്‍ പാലിക്കുന്നതില്‍ രാജശേഖര്‍ വീഴ്ച വരുത്തിയെന്നും ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. രാജശേഖര്‍ നാട്ടില്‍ പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. 

സമാന കാരണങ്ങളെ തുടര്‍ന്ന് നേരത്തെ അധ്യാപകരും സാങ്കേതിക വിഭാഗം ജീവനക്കാരും, നഴ്സുമാരും ഉള്‍പ്പടെ പതിനെട്ടോളം പേരെ തിരുപ്പതി ദേവസ്വം സ്ഥലംമാറ്റിയിരുന്നു.  വിജിലന്‍സ് അന്വേഷണത്തിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് നടപടി സ്വീകരിച്ചതെന്നും ദേവസ്വം വിശദീകരിച്ചു. തിരുപ്പതി ദേവസ്വം ഹിന്ദു മതാചാര പ്രകാരം പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്.

ENGLISH SUMMARY:

A. Rajasekhar Babu, an Assistant Executive Officer at Tirupati Devasthanam, has been dismissed for allegedly violating service rules by attending Christian prayers every Sunday. The Devasthanam's regulations explicitly state that only those practicing Hinduism and adhering to Hindu dharma are eligible for employment and must refrain from non-Hindu customs.