ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ധാമിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചു. ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഗംഗോത്രിക്ക് പുറമെ ഗംഗാ മാതാവിന്റെ ശൈത്യകാല വാസസ്ഥലമായ മുഖ്ബയിലും ഈ നിയന്ത്രണം ബാധകമായിരിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്മിറ്റി അറിയിച്ചു.
ഗംഗോത്രിക്ക് പിന്നാലെ ലോകപ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ബോർഡ് യോഗത്തിൽ ഇതിനായുള്ള ഔദ്യോഗിക നിർദ്ദേശം അവതരിപ്പിക്കും. ഉത്തരാഖണ്ഡിന്റെ മതപരവും സാംസ്കാരികവുമായ പാരമ്പര്യം സംരക്ഷിക്കുക എന്നത് പരമപ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ക്ഷേത്ര കമ്മിറ്റികളുടെ ഈ നീക്കത്തിന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പിന്തുണ അറിയിച്ചു. തീർത്ഥാടന കേന്ദ്രങ്ങളിലെ പവിത്രത സംരക്ഷിക്കാൻ കമ്മിറ്റികൾ നൽകുന്ന ശുപാർശകൾക്കനുസൃതമായി സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ അനധികൃത ആരാധനാലയങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾക്ക് പിന്നാലെയാണ് ക്ഷേത്രങ്ങളിലെ പ്രവേശന നിയന്ത്രണവും ചർച്ചയാകുന്നത്.
അതേസമയം, ശൈത്യകാലത്തെ ഇടവേളയ്ക്ക് ശേഷം ബദരീനാഥ് ക്ഷേത്രം ഏപ്രിൽ 23-ന് ഭക്തർക്കായി തുറക്കും. ഏപ്രിൽ 19-ന് അക്ഷയതൃതീയ ദിനത്തിൽ ഗംഗോത്രി, യമുനോത്രി ദേവാലയങ്ങളും തുറക്കും. കേദാർനാഥ് ധാം തുറക്കുന്ന തീയതി മഹാശിവരാത്രി ദിനത്തിലാണ് പ്രഖ്യാപിക്കുക.