പ്രതീകാത്മക ചിത്രം
വഴി അറിയില്ലെങ്കില്‍ ഗുഗിള്‍ മാപ്പിട്ട് യാത്ര ചെയ്യുക മിക്കവരുടെയും ശീലമാണ്. ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചതിനെ തുടര്‍ന്ന് കാട്ടില്‍ കുടുങ്ങിയതും അപകടത്തില്‍പ്പെട്ടതും പലവട്ടം വാര്ത്തകളായിട്ടുമുണ്ട്. നാഗ്പുരില്‍ നിന്നും തിരുപ്പതിയിലേക്ക് ഗൂഗിള്‍ മാപ്പിട്ട് യാത്ര ചെയ്ത അഞ്ചംഗ സംഘമാണ് അപകടത്തില്‍പ്പെട്ടതും അദ്ഭുതകരമായി രക്ഷപെട്ടതും. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം.
നാഗ്പുരില്‍ നിന്നും യാത്ര തിരിച്ച സംഘം ഗംഗുപഹഡ് ഗ്രാമം കഴിഞ്ഞതോടെയാണ് അപകടത്തില്‍ അകപ്പെട്ടത്. ഗൂഗിള്‍ മാപ്പ് കാട്ടിയ വഴി നേരെ നദിയിലേക്കുള്ളതായിരുന്നു. രാത്രി സമയമായതിനാല്‍ ചുറ്റുമുള്ള കാഴ്ചകളും അവ്യക്തമായിരുന്നു. കാര്‍ നേരെ നദിയില്‍ പതിച്ചു. കാറിനുള്ളിലുണ്ടായിരുന്നവര്‍ വേഗത്തില്‍ ഡോര്‍ തുറന്ന് പുറത്ത് കടന്നതും നാട്ടുകാരിലൊരാള്‍ കണ്ടതുമാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും കൂടി അഞ്ചുപേരെയും വെള്ളത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നുവെന്ന് ജാന്ഗൗണ് പൊലീസ് ഇന്‍സ്പെക്ടര്‍ പി. ദാമോദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിര്‍മാണത്തിലിരിക്കുന്ന പാലത്തിലേക്കാണ് കാര്‍ കയറിപ്പോയതെന്നും നിര്‍മാണം നടക്കുന്നുവെന്ന് വ്യക്തമാക്കുന്നതോ, അപകട സൂചനാ ബോര്‍ഡുകളോ ഒന്നും സ്ഥാപിച്ചിരുന്നതുമില്ല. പാലത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെന്നും ഇതേസ്ഥലത്ത് പലവട്ടം അപകടമുണ്ടായിട്ടുണ്ടെന്നും നാട്ടുകാരും പറയുന്നു.