TOPICS COVERED

കമിതാക്കളുടെ വിവാഹകേന്ദ്രമായതോടെ വിവാഹം നിരോധിച്ച് ബെംഗളൂരുവിലെ ക്ഷേത്രം. വിവാഹം നടത്താന്‍ സമ്മതിക്കുന്നില്ലെന്ന് കാണിച്ച് യുവാവ് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്. വിവാഹം കൂടുന്നതിനൊപ്പം വിവാഹമോചനവും കൂടി. ഇതോടെ പൂജാരി കോടതിയില്‍ കയറി ഇറങ്ങേണ്ടി വന്നെന്നും അതിനാല്‍ വിവാഹം നിരോധിക്കുകയുമായിരുന്നു എന്നുമാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹലസുരപ സോമേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിവാഹം നിരോധിച്ചത്. ബെംഗളൂരുവിലെ വിവാഹം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചവര്‍ വിവാഹമോചനത്തിനായി വെരിഫിക്കേഷന് എത്തുന്നത് വര്‍ധിച്ചതോടെയാണ് ക്ഷേത്ര സമിതി തീരുമാനം എടുത്തത്. വിവാഹ മോചന നടപടികള്‍ നടക്കുമ്പോള്‍ പൂജാരിയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കാറുണ്ടെന്നും ക്ഷേത്ര കമ്മിറ്റി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. ഗോവിന്ദരാജു പറഞ്ഞു.

വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹം കഴിക്കാൻ എത്തുന്നവര്‍ വ്യാജ രേഖകൾ ഹാജരാക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മാതാപിതാക്കൾ കോടതി കേസ് ഫയല്‍ ചെയ്യും. ഇതോടെയാണ് വിവാഹം നിരോധിച്ചത്. നേരത്തെ 100-150 വിവാഹങ്ങള്‍ നടത്തിയിരുന്നെങ്കിലും ക്ഷേത്രത്തിന്‍റെ പേരിന് കളങ്കം വരുന്നതിനാലാണ് നിരോധനം. അതേസമയം, മറ്റുമതപരമായ ചടങ്ങുകള്‍ മുടക്കം കൂടാതെ നടക്കുന്നുണ്ടെന്നും ക്ഷേത്രത്തിന്‍റെ വിശദീകരണത്തിലുണ്ട്. 

ആറു വര്‍ഷം മുന്‍പാണ് ക്ഷേത്രത്തില്‍ വിവാഹം നിരോധിച്ചതെങ്കിലും യുവാവിന്‍റെ പരാതിയോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. ആവശ്യമെങ്കില്‍ വിവാഹ നിരോധനം പുനഃപരിശോധിക്കുമെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. 

കർണാടക സർക്കാരിന്റെ ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സിന്റെയും വകുപ്പിന് കീഴിലാണ് ക്ഷേത്രം. 

ENGLISH SUMMARY:

Halasuru Someshwara Swamy Temple in Bengaluru, a popular wedding spot, has banned marriages following a surge in couples arriving for divorce verification, forcing priests to attend court hearings. The centuries-old temple committee also cited concerns over eloping couples using fake documents, stating the ban, in place for six years, was necessary to protect the temple's reputation.