വിനോദകേന്ദ്രത്തോട് ചേര്‍ന്നുള്ള അനധികൃത മദ്യശാലയ്ക്കെതിരെ ധര്‍മപുരിയില്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസുകാരനെ കടിക്കാന്‍ ശ്രമിക്കുന്ന ടിവികെ പ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച്ചയാണ് സംഭവം. വിനോദകേന്ദ്രത്തിന്റെ വളപ്പിലേക്ക് ടിവികെ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടത്.
സമാധാനപരമായ പ്രതിഷേധത്തിനായി കഴിഞ്ഞ 15 ദിവസമായി അനുമതി തേടുകയായിരുന്നുവെന്നും വിനോദകേന്ദ്രം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് പാര്‍ട്ടി പ്രതിഷേധിച്ചതെന്നും ടിവികെ ഭാരവാഹി പറഞ്ഞു. ഈ പരിസരത്ത് തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ്റെ (TASMAC) മദ്യശാല ഉള്ളതിനാൽ ഇവിടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട ടിവികെയുടെ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്നും പ്രതിഷേധത്തിലേക്കെത്താന്‍ കാരണമിതാണെന്നും ടിവികെ പ്രതികരിക്കുന്നു. പൊലീസുമായി ഉന്തും തള്ളുമുണ്ടായതോടെ പ്രവര്‍ത്തകരിലൊരാള്‍ പൊലീസിന്റെ കയ്യില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പൊലീസുകാരന്‍ ഉടന്‍ തന്നെ കൈ വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുദ്രാവാക്യം വിളികളുമായെത്തിയ ടിവികെ സംഘത്തെ തടയാന്‍ പൊലീസ് ഏറെ പണിപ്പെട്ടു.