തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ വനിതാ ദിനാഘോഷവേദിയില്‍ വനിത നേതാവ് നടത്തിയ പ്രസംഗം വൈറല്‍. വിജയ് വേദിയിലിരിക്കെ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം എന്ന വനിത നേതാവിന്‍റെ പ്രസംഗം ഗൗരവമായി പറഞ്ഞതാണോ അതോ നേതാവിനെ പരോക്ഷമായി വിമര്‍ശിച്ചതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ചെങ്കൽപേട്ടിലെ ടിവികെ വനിതാദിനാഘോഷത്തിൽ പാർട്ടിയുടെ സംസ്ഥാന ജോയിന്റ് കോർഡിനേറ്ററായ ആർ.എസ്. ഇന്ദിരാ ധൻരാജ് ആണ് സ്ത്രീകളെ ബഹുമാനിക്കുന്നതിനെ പറ്റി ഈ വനിത ദിനത്തില്‍ ഊന്നിപറയണമെന്ന് പറഞ്ഞത്. വേദികളിൽ കയറി സ്ത്രീകൾക്കെതിരേ മോശമായി സംസാരിക്കുന്ന, വീട്ടിലുള്ള സ്ത്രീകളെ ഓർക്കാതെ സ്ത്രീകളെ അപമാനിക്കുന്ന പുരുഷന്മാരെ താഴെയിറക്കണം എന്ന് ഞാൻ അഭ്യർഥിക്കുന്നു, ഇന്ദിര പറഞ്ഞു. ഈ സമയത്ത് വേദിയില്‍ വിജയ്ക്കൊപ്പം ഇരിക്കുന്ന വനിതാ നേതാവ് അദ്ദേഹത്തെ നോക്കി ചിരിക്കുന്നുമുണ്ടായിരുന്നു.
പിന്നാലെ പ്രസംഗിച്ച വിജയ് തന്‍റെ വിവാഹ മോചന വാര്‍ത്തകളെ നേരിട്ട് അഭിസംബോധന ചെയ്യാതെ പ്രസംഗിച്ചിരുന്നു. 'ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ അതിൽ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അതുകാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതിൽ വല്യ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്', എന്നായിരുന്നു വിജയ് പറഞ്ഞത്.
വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജി നല്‍കിയിരുന്നു. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത, വിവാഹമോചനം തേടി ചെങ്കൽപേട്ട് കോടതിയെ സമീപിച്ചത്. വിവാഹമോചന ഹർജിയിൽ തീരുമാനമാകുന്നതുവരെ ഭർതൃഗൃഹത്തിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജിയും സംഗീത നല്‍കിയിരുന്നു.