AI Image
സ്ത്രീധനം മതിയാകാതെ വിവാഹം കഴിഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പേ ഭാര്യയെ ഉപേക്ഷിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ കാന്‍പുറിലാണ് സംഭവം. ജൂഹി സ്വദേശിയായ മുഹമ്മദ് ഇമ്രാനാണ് നവവധുവായ ലുബ്നയെ ഉപേക്ഷിച്ചത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കോ 2 ലക്ഷം രൂപയോ ലഭിക്കണമെന്നായിരുന്നു ഇമ്രാന്‍റെ ആവശ്യം. ഇത് സാധ്യമല്ലെന്നും ഉള്ളതെല്ലാം തന്നാണ് തന്നെ വീട്ടുകാര്‍ വിവാഹം ചെയ്തയച്ചതെന്നും പറഞ്ഞതോടെ ലുബ്നയെ ഇമ്രാന്‍ വീട്ടില്‍ നിന്നിറക്കി വിട്ടു.
നവംബര്‍ 29നാണ് ഇരുവരും വിവാഹിതരായത്. 30–ാം തീയതിയാണ് ലുബ്ന ഇമ്രാന്‍റെ വീട്ടിലേക്ക് എത്തിയത്. വീട്ടിലേക്ക് കയറിയതിന് പിന്നാലെ നാത്തൂന്‍മാരും അമ്മായിയമ്മയും ചേര്‍ന്ന് ലുബ്ന ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളെല്ലാം അഴിച്ചു വാങ്ങി. വീട്ടുകാര്‍ നല്‍കിയ പണവും എടുത്തു. പിന്നാലെ ' ഇമ്രാന് ഒന്നും കൊണ്ടുവന്നില്ലേ?' എന്നായി ചോദ്യം. തുടര്‍ന്ന് ഇമ്രാനെത്തി ബുള്ളറ്റ് ബൈക്ക് ആവശ്യപ്പെട്ടു. ബൈക്കില്ലെങ്കില്‍ രണ്ടുലക്ഷം രൂപ കൊണ്ടുവരൂ എന്ന് പറഞ്ഞ് ലുബ്നയെ പുറത്താക്കി. രാത്രി ഏഴരയോടെ ലുബ്ന സ്വന്തം വീട്ടിലെത്തി. മകളെ തനിച്ച് കണ്ട വീട്ടുകാര്‍ ഓടിയെത്തിയതും ലുബ്ന പൊട്ടിക്കരഞ്ഞ് നടന്ന സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു.
ലക്ഷങ്ങള്‍ ചെലവഴിച്ചാണ് താന്‍ മകളെ വിവാഹം കഴിച്ചയച്ചതെന്ന് ലുബ്നയുടെ മാതാവ് മെഹ്താബ് പറയുന്നു. സോഫ സെറ്റ്, ടിവി, വാഷിങ് മെഷീന്‍,ഡൈനിങ് ടേബിള്‍, വാട്ടര്‍ കൂളര്‍,ഡിന്നര്‍ സെറ്റ്, വസ്ത്രങ്ങള്‍, അടുക്കളയിലേക്കുള്ള പാത്രങ്ങള്‍ തുടങ്ങിയവയും പണവും താന്‍ ഇമ്രാന്‍റെ വീട്ടിലെത്തിച്ചിരുന്നുവെന്നും ബൈക്കിന്‍റെ കാര്യം വിവാഹത്തിന് മുന്‍പ് പറഞ്ഞിരുന്നില്ലെന്നും മെഹ്താബ് കൂട്ടിച്ചേര്‍ത്തു. മകളെ ഇനി ഇമ്രാനൊപ്പം അയയ്ക്കുന്നില്ലെന്നും നല്‍കിയ സമ്മാനങ്ങളും വിവാഹത്തിന് ചെലവാക്കിയ പണവും തിരികെ വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ലുബ്നയുടെ കുടുംബം അറിയിച്ചു.