Image Credit: AI( Left), x/CCTV
സ്കൂള്‍ അധികൃതരുടെ ശിക്ഷാനടപടിയില്‍ മനംനൊന്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ എട്ടാം ക്ലാസുകാരന് ഗുരുതര പരുക്ക്. മധ്യപ്രദേശിലെ രത്ലത്തിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയിലാണ്. ക്ലാസ്മുറിയില്‍ മൊബൈല്‍ ഫോണുമായെത്തി വിഡിയോ ചിത്രീകരിച്ച വിദ്യാര്‍ഥി, അത് സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തു. ഇത് അറിഞ്ഞതോടെയാണ് നാഷനല്‍ സ്കേറ്റിങ് താരം കൂടിയായ വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെ അധികൃതര്‍ വിളിപ്പിച്ചത്.
തനിക്ക് തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും പ്രിന്‍സിപ്പലിനോട് കുട്ടി കരഞ്ഞു പറയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന്‍റെ ഭാഗമായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരിയര്‍ ഇല്ലാതെയാക്കുമെന്നും സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നും പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തുന്നത് വിഡിയോയില്‍ കേള്‍ക്കാം. ലഭിച്ച മെഡലുകള്‍ തിരിച്ചെടുപ്പിക്കുമെന്നും ഇനി സ്കേറ്റിങിന് ഇറങ്ങുന്നത് കാണണമെന്നുമെല്ലാം പ്രിന്‍സിപ്പാള്‍ ആക്രോശിക്കുന്നുണ്ട്. തകര്‍ന്നുപോയ കുട്ടി നാലു മിനിറ്റോളമാണ് കരഞ്ഞു മാപ്പുപറയുന്നത്. 52 വട്ടം സോറി പറഞ്ഞുവെന്നും പൊലീസ് പറയുന്നു.
കാലുപിടിച്ച് പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ ചെവിക്കൊള്ളാതിരുന്നതോടെ ഓഫിസില്‍ നിന്ന് പുറത്തേക്കിറങ്ങി കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുന്നതും അവിടെ നിന്ന് ചാടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവസമയത്ത് അധ്യാപകര്‍ വിളിപ്പിച്ചത് അനുസരിച്ച് കുട്ടിയുടെ പിതാവ് സ്കൂളില്‍ എത്തിയിരുന്നു. വെയ്റ്റിങ് റൂമിലിരുന്ന താന്‍ മകന്‍ ആത്മഹത്യാശ്രമം നടത്തിയെന്ന വാര്‍ത്തയാണ് താന്‍ കേട്ടതെന്നും ആശുപത്രിയിലേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂള്‍ നിയമം കുട്ടി ലംഘിച്ചുവെന്നും മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അധ്യാപകര്‍ക്ക് പോലും അനുവാദമില്ലെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. കുട്ടിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് തന്നെയാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ക്രൂരമായാണ് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയോട് പെരുമാറിയതെന്നും അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)