ക്ലാസ് മുറിയില്‍ ചോദ്യത്തിന് ഉത്തരം പറയാതിരുന്ന വിദ്യാര്‍ഥികളുടെ മുഖത്തടിച്ച് അധ്യാപിക. ഉത്തര്‍പ്രദേശിലെ ബദലാപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എല്‍ബിഎസ് പബ്ലിക്ക് സ്കൂളിലെ അധ്യാപികയാണ് വിദ്യാര്‍ഥികളോട് ക്രൂരത കാട്ടിയത്. കുട്ടികളെ ക്ലാസ് മുറിയില്‍ നിര്‍ത്തിയ ശേഷമാണ് അധ്യാപിക തല്ലുന്നത്. ആക്രമണത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പ്രചരിക്കുന്ന വിഡിയോയില്‍ ക്ലാസ് മുറിയില്‍ കുറച്ചു വിദ്യാര്‍ഥികളെ എഴുന്നേറ്റ് നിര്‍ത്തിയത് കാണാം. കയ്യില്‍ വലിയ വടിയുമായി വിദ്യാര്‍ഥികളോട് ചോദ്യം ചോദിച്ച ശേഷം എഴുന്നേറ്റ് നിര്‍ത്തിയ വിദ്യാര്‍ഥികളെ അധ്യാപിക മുഖത്തിടിക്കുകയായിരുന്നു. എട്ടോളം വിദ്യാര്‍ഥികളെയാണ് അധ്യാപിക തല്ലിയത്. ചിലരെ തല്ലുന്നതിനൊപ്പം ചെവിക്ക് പിടിക്കുകയും ചെയ്തു.
പരീക്ഷയിലെ ചോദ്യത്തിന് ശരിയായ ഉത്തരമെഴുതാത്തവരെ അധ്യാപിക വഴക്കുപറയുന്നതാണ് വിഡിയോയില്‍ . '' 1-2 മാസമായി പരീക്ഷ നടക്കുകയല്ലേ? നിങ്ങളോട് വീണ്ടും വീണ്ടും പരീക്ഷകളിൽ ചോദിച്ചുകൊണ്ടിരുന്ന ചോദ്യങ്ങൾ തന്നെയാണ് ഞാൻ ചോദിക്കുന്നത്... എല്ലാ ഉത്തരവാദിത്തവും എന്‍റേത് മാത്രമാണോ? നിങ്ങൾക്ക് പഠിക്കേണ്ടേ...'' എന്നിങ്ങനെയാണ് അധ്യാപിക പറയുന്നത്.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും അധ്യാപികയ്ക്കെതിരെ രംഗത്തെത്തി. അധ്യാപിക അവരുടെ ദേഷ്യവും നിരാശയും കുട്ടികളുടെ മേല്‍ തീര്‍ക്കുകയാണെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. വിഡിയോ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി സ്കൂളിലെത്തുകയും അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. സ്കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.