Image Credit: AI
ആസിഡ് കലര്‍ന്ന ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍. ബംഗാളിലെ മിഡ്നാപുറില്‍ ഞായറാഴ്ചയാണ് സംഭവം. വെള്ളമാണെന്ന് കരുതി ആസിഡ് ഒഴിച്ചാണ് വീട്ടമ്മ ചോറും കറിയും പാകം ചെയ്തത്. വെള്ളിപ്പണിക്കാരനായ ശാന്തു സന്യാസിയുടെ വീട്ടിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അരി വെന്തുവന്നതോടെ വെള്ളം കുറവാണെന്ന് കണ്ട യുവതി ജാറിലിരുന്ന ആസിഡ് വെള്ളമെന്ന് കരുതി എടുത്തൊഴിക്കുകയായിരുന്നു.
വെള്ളം വയ്ക്കുന്ന അതേ ജാറിലാണ് ആസിഡും വച്ചിരുന്നത്. പച്ചക്കറി പാകം ചെയ്തപ്പോഴും ആസിഡ് തന്നെയാണ് വെള്ളമെന്ന് കരുതി ഇവര്‍ ചേര്‍ത്തത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങള്‍ക്കെല്ലാം അസ്വസ്ഥതകള്‍ ആരംഭിച്ചു. കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസതടസം എന്നിവ ഉണ്ടായതോടെ ഇവര്‍ അയല്‍വാസികളെ വിളിച്ചു വരുത്തുകയായിരുന്നു. ഗൗരവാവസ്ഥ തിരിച്ചറിഞ്ഞതോടെ വേഗത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു.
പ്രാഥമിക പരിശോധനയില്‍ ആസിഡ് കലര്‍ന്ന ഭക്ഷണം ഉള്ളിലെത്തിയെന്ന് സ്ഥിരീകരിച്ചതോടെ ആറുപേരെയും വിദഗ്ധ ചികില്‍സയ്ക്കായി കൊല്‍ക്കത്തയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ പ്രതികരിക്കാറായിട്ടില്ലെന്നും ആരും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് കുട്ടികളും നാല് മുതിര്‍ന്നവരുമാണ് ചികില്‍സയിലുള്ളത്.