modi-labour-code
  • വേതന നിരക്കിന് സ്ത്രീ പുരുഷ വ്യത്യാസമില്ല
  • മിനിമം വേതനം ഇല്ലെങ്കില്‍ പിഴയും ആവർത്തിച്ചാൽ തടവും ശിക്ഷ
  • ഇന്ത്യയുടെ വളർച്ച ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് പുതിയ നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ. തൊഴിൽമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ടുള്ള ചട്ടങ്ങളാണ് തൊഴിലാളി സംഘടനകളുടെ എതിർപ്പവഗണിച്ച് നടപ്പാക്കിയത്. പുതിയ വ്യവസ്ഥകൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഇന്ത്യയുടെ വളർച്ച ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്വാതന്ത്ര്യാനന്തരം നടപ്പാക്കുന്ന ഏറ്റവും ശക്തവും സമഗ്രവുമായ തൊഴിൽ-അധിഷ്ഠിത പരിഷ്കാരമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് പുതിയ കോഡുകൾ പ്രാബല്യത്തിലാക്കിയത്.  വേതനം, വ്യവസായ ബന്ധം, തൊഴിലിട സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയെ സംബന്ധിച്ചുള്ളതാണ് കോഡുകൾ. 

labourers-india-code

വേതന കോഡ് അസംഘടിത മേഖലയിലടക്കം എല്ലാ തൊഴിലാളികൾക്കും സർക്കാർ നിശ്ചയിക്കുന്ന മിനിമം വേതനം നിയമപരമാക്കുന്നു. 5 വർഷത്തിലൊരിക്കൽ വേതനം  പരിഷ്കരിക്കും. വേതന നിരക്കിന് സ്ത്രീ പുരുഷ വ്യത്യാസമില്ല.  മിനിമം വേതനം കൊടുത്തില്ലെങ്കിൽ  പിഴയും ആവർത്തിച്ചാൽ തടവും ശിക്ഷ. വ്യവസായ ബന്ധ കോഡാണ് സംഘടനകൾ കൂടുതൽ എതിർക്കുന്നത്. കോഡ് പ്രകാരം ആകെ ജീവനക്കാരിൽ കുറഞ്ഞത് 10 ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ യൂണിയൻ അനുവദിക്കുകയുള്ളൂ.  തൊഴിലാളികളല്ലാത്തവർ ഭാരവാഹികളാകുന്നതിന് വിലക്കുണ്ട്.  സമരം തുടങ്ങാൻ 14 ദിവസം മുൻപു നോട്ടിസ് നൽകണം. ലംഘിക്കുന്നവർക്ക് പിഴയും ഒരു മാസം തടവ്  തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. ഇതിനെ സംഘടനകൾ എതിർത്തു. തൊഴിലിട സുരക്ഷാ കോഡിൽ ആരോഗ്യം, തൊഴിൽ സാഹചര്യം, ജോലി സമയം, വനിതകളുടെ പൂർണസുരക്ഷ തൊഴിലുടമ ഉറപ്പാക്കണം തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക സുരക്ഷ കോഡിൽ ഇൻഷുറൻസ്, പ്രോവിഡന്റ് ഫണ്ട്, രക്ഷിതാക്കൾക്ക് ചികിൽസാ ആനുകൂല്യങ്ങൾ തുടങ്ങിയവയാണ് നിബന്ധനകൾ. 

അഞ്ചുവർഷം മുമ്പ് കോഡുകൾ പാർലമെന്റ് പാസാക്കി സർക്കാർ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും ബിഎംഎസടക്കമുള്ള സംഘടനകൾ പല വ്യവസ്ഥകളിലും എതിർപ്പുന്നയിച്ചതോടെയാണ് പ്രാബല്യത്തിലാക്കൽ വൈകിയത്.  തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് ട്രേഡ് യൂണിയനുകൾ രാജ്യവ്യാപക പണിമുടക്കും നടത്തി. എന്നാൽ 42 കോടിയലധികം പേരുള്ള അസംഘടിത മേഖലയ്ക്കുൾപ്പെടെ കോഡുകൾ ഗുണംചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം.

ENGLISH SUMMARY:

The Central Government has implemented four new comprehensive Labour Codes covering Wages, Industrial Relations, Occupational Safety, and Social Security, despite opposition from trade unions. Key features include mandating minimum wages for all workers, including the unorganized sector, with revision every five years, and ensuring gender parity in wages. The controversial Industrial Relations Code requires a minimum of 10% (or 100) employees to form a union, bans non-employees from holding office, and mandates a 14-day strike notice, with penalties for non-compliance. The government claims the codes will protect worker rights and benefit over 42 crore unorganized sector workers.