ഉത്തരാഖണ്ഡിലെ ഉത്തംഭവന്‍ ജില്ലയിലെ ഹൽദ്വാനിയില്‍ ഹോട്ടലിന് മുന്നില്‍ പശുക്കിടാവിന്‍റെ തല കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍. ബറേലി റോഡില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
പശുവിന്‍റെ തല കണ്ടെത്തിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും റസ്റ്ററന്‍റിന് കല്ലെറിയുകയുമായിരുന്നു. ഇതോടെ കട അടച്ച് ഉടമ രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്. ആരോ മനഃപൂർവ്വം പശുവിന്‍റെ അവശിഷ്ടങ്ങൾ പ്രദേശത്ത് തള്ളിയതാണെന്നാണ് സമീപവാസികള്‍ കരുതുന്നത്.
അതേസമയം ഹോട്ടലുടമ തെറ്റുകാരനല്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവികളില്‍ നടത്തിയ പരിശോധനയില്‍ തെരുവുനായ പശുവിന്‍റെ തല ഹോട്ടലിന് മുന്നില്‍ കൊണ്ടിടുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. സമീപത്തെ കാട്ടില്‍ നിന്നാണ് നായയ്ക്ക് തല കിട്ടിയതെന്നും സംഭവത്തിന് പിന്നില്‍ ക്രിമിനല്‍, വര്‍ഗീയ ലക്ഷ്യങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി.
പശുവിന്‍റെ തല പരിശോധനയ്ക്ക് അയച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്. ആൾക്കൂട്ട ആക്രമണം തടയാൻ കർശന നടപടി സ്വീകരിക്കാൻ നൈനിറ്റാൾ സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) ഡോ. ടി.സി.മഞ്ജുനാഥ് പോലീസിന് നിർദ്ദേശം നൽകി. നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും എസ്.എസ്.പി പറഞ്ഞു. കട ആക്രമിച്ചവരില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.