നെറ്റിയിലെ മുറിവിന് തുന്നലിടുന്നതിന് പകരം ഫെവിക്വിക് ഉപയോഗിച്ച് ഡോക്ടറുടെ ചികിത്സ. ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക് തേച്ചത്. ജഗ്രിതി വിഹാറില്‍ താമസിക്കുന്ന ജസ്പീന്ദര്‍ സിങിന്‍റെ മകനെയാണ് ഡോക്ടര്‍ പശ ഉപയോഗിച്ച് ചികിത്സിച്ചത്.
വീട്ടില്‍ കളിക്കുന്നതിനിടെ മേശയുടെ കോര്‍ണറില്‍ തലയിടിച്ചാണ് കുട്ടിക്ക് പരുക്കേറ്റത്. രക്തം വാര്‍ന്നതോടെ സമീപത്തെ ഭാഗ്യശ്രീ ആശുപത്രിയിലേക്ക് എത്തിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ അഞ്ചു രൂപയുടെ ഫെവിക്വിക് ട്യൂബ് വാങ്ങി വരാനാണ് കുടുംബത്തോട് ആവശ്യപ്പെട്ടത്. ഈ പശ മുറിവില്‍ തേക്കുകയായിരുന്നു. ഇതോടെ കടുത്ത വേദനയില്‍ കുട്ടി കരയാന്‍ തുടങ്ങി. വേദനയില്‍ പരിഭ്രാന്തനായതാണെന്നും വേദന കുറയുമെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.
രാത്രിയിലും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ തൊട്ടടുത്ത ദിവസം ലോക്പ്രിയ ആശുപത്രിയിലേക്ക് മാറ്റി. മുറിവില്‍ ഉറച്ച പശയുടെ ഭാഗങ്ങള്‍ മണിക്കൂറുകളെടുത്താണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. വൃത്തിയാക്കിയ ശേഷം മുറിവ് തുന്നിച്ചേര്‍ത്തു. പരാതി ലഭിച്ചതായും പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് കട്ടാരിയ പറഞ്ഞു. അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാകും ഡോക്ടര്‍ക്കെതിരെയുള്ള നടപടി.