ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒൻപതുകാരി വിനോദിനിയുടെ ചികിത്സാചിലവും വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കണം. വിനോദിനിക്ക് 21 വയസാകുന്നതു വരെ ചിലവ് വഹിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയിൽ ജോലി കിട്ടുന്നതിന് തടസമാകരുത്. കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണം.
സർക്കാർ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കഴിഞ്ഞ സെപ്റ്റംബർ 24ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണാണ് വിനോദിനിക്ക് പരുക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ നല്‍കിയ ചികിത്സയെ തുടർന്ന് അണുബാധയുണ്ടായതോടെയാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്.