ഒരു മാസത്തിനിടെ രണ്ടു വിവാഹം, പക്ഷേ ഒരു ഫോണ്‍ കോളില്‍ ഇരു ബന്ധങ്ങളും തകര്‍ന്നു. രണ്ടു ഭാര്യമാരും പരാതിയുമായി എത്തിയതോടെ ഭര്‍ത്താവായ രാഹുല്‍ പൊലീസിന്‍റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് ഭാര്യമാര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ പൊലീസില്‍ ഏല്‍പ്പിച്ചത്. രാമകൃഷ്ണ ദുബൈ എന്ന രാഹുല്‍,ഡെലിവറി കമ്പനിയില്‍ ജോലിക്കാരനാണ്.
2024 നവംബറിലാണ് രാഹുല്‍ കാമുകിയായ കുശ്ബുവിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്. കുശ്ബുവുമായുള്ള വിവാഹം നടന്ന് ഒരു മാസത്തിന് ശേഷം രാഹുല്‍ മറ്റൊരു വിവാഹവും ചെയ്തു. വീട്ടുകാര്‍ കണ്ടെത്തിയ ശിവാംഗി എന്ന പെണ്‍കുട്ടിയുമായായിരുന്നു വിവാഹം. രണ്ടു ഭാര്യമാരായതോടെ രണ്ടു പേര്‍ക്കിടയിലായി രാഹുലിന്‍റെ ജീവിതം.
ഒരു ദിവസം കുശ്ബു ഭര്‍ത്താവിന്‍റെ ഫോണിലേക്ക് വിളിച്ച കോളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. കുശ്ബു ഫോണ്‍ വിളിച്ചപ്പോള്‍ ഫോണെടുത്തത് ശിവാംഗിയായിരുന്നു. തുടര്‍ന്ന് ശിവാംഗിയും കുശ്ബുവും തമ്മില്‍ ഫോണിലൂടെ തര്‍ക്കമായി. തന്‍റെ ഭര്‍ത്താവിനെ വീണ്ടും വിളിക്കരുതെന്ന് ശിവാംഗി ആവശ്യപ്പെട്ടു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കുശ്ബു താനാണ് രാഹുലിന്‍റെ യഥാര്‍ഥ ഭാര്യയെന്ന് അവകാശപ്പെട്ടു.
തെളിവായി കുശ്ബു രാഹുലിനൊപ്പമുള്ള ചിത്രങ്ങള്‍ ശിവാംഗിക്ക് അയച്ചു നല്‍കി. ഇതോടെ ഇരുവരും രാഹുലിനെ വിളിച്ചു വരുത്തി. പ്രതിസന്ധിയിലായ രാഹുല്‍ ഇരുവര്‍ക്കും മുന്നില്‍ സത്യം തുറന്നു പറഞ്ഞു. വീട്ടുകാരുടെ സമ്മര്‍ദത്തിലാണ് രണ്ടാമത് വിവാഹം ചെയ്തതെന്ന് രാഹുല്‍ സമ്മതിച്ചു. പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു.
രാഹുലില്‍ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയും കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും കുശ്ബു പരാതിപ്പെട്ടു. തുടര്‍ന്ന് ഇരു ഭാര്യമാരും ഒരുമിച്ച് പൊലീസ് സ്റ്റേഷനിലെത്തി. ഇരുവരും വിവാഹ ആല്‍ബം തെളിവായി സമര്‍പ്പിച്ച് രാഹുലില്‍ നിന്നും നീതി വേണമെന്ന് ആവശ്യപ്പെട്ടു. ഒന്നിലേറെപ്പേരെ വിവാഹം കഴിച്ചതിന് കേസെടുത്ത പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തു.