**EDS: RPT, CORRECTS NAME IN CAPTION** Srinagar: Relatives of Mohammad Shafi Parray, a tailor who was killed in an accidental explosion which ripped through Nowgam police station on late Friday night, mourn, in Srinagar, Saturday, Nov. 15, 2025. At least eight people were killed and 27 others suffered injuries in the blast which occurred while authorities were extracting samples from a large cache of explosives confiscated in the 'white-collar' terror module case, officials said on Saturday. (PTI Photo/S Irfan)(PTI11_15_2025_RPT053B)
ജമ്മുകശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ 57കാരനായ തയ്യല്‍ക്കാരന്‍ മുഹമ്മദ് ഷാഫിയും. സ്ഫോടക വസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിനായുള്ള ബാഗുകള്‍ തുന്നുന്നതിന് അളവെടുക്കാനായാണ് ഷാഫിയെ പൊലീസെത്തി കൂട്ടിക്കൊണ്ടു പോയത്. ജലദോഷവും പനിയും കൊണ്ട് അവശനായിരുന്നുവെങ്കിലും ഷാഫി പോയി. 'ഈ നേരത്ത് പോകണ്ട പപ്പാ, നാളെ നേരം വെളുത്തിട്ട് പോകാ'മെന്ന് മകള്‍ പറഞ്ഞെങ്കിലും 'പോയി വേഗം വരാ'മെന്ന് പറഞ്ഞ് ഷാഫി ഇറങ്ങുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു.
ബന്ധുക്കള്‍ സ്റ്റേഷനിലേക്ക് ഓടിയെത്തിയപ്പോള്‍ സ്റ്റേഷന്‍ കെട്ടിടം നിന്ന സ്ഥലത്ത് വലിയ കല്‍ക്കൂമ്പാരം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറി കിടന്നിരുന്നുവെന്നും ഷാഫിയുടെ ബന്ധുക്കള്‍ പറയുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ വീട്ടുകാര്‍ ഷാഫിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പരുക്കേറ്റവരെ എത്തിച്ച ആശുപത്രയില്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം ലഭിച്ചത്.
വിവരം ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും മറച്ചുവയ്ക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മൂന്ന് മക്കളുള്‍പ്പെടുന്ന കുടുംബത്തിന്‍റെ ഏക അത്താണിയും ഷാഫി ആയിരുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപവീതവും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഒമാര്‍ അബ്ദുല്ല പറഞ്ഞു.
ഫരീദാബാദില്‍ നിന്നും പിടികൂടിയ സ്ഫോടക വസ്തുക്കളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. രണ്ട് കിലോയോളം സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചു. ഒന്‍പത് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പലരുടെയും ശരീരഭാഗങ്ങള്‍ 300 മീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.