Image Credit: x/ReporterRavish
നിയന്ത്രണം വിട്ട് പാഞ്ഞ എസ്യുവി എക്സ്പ്രസ് വേയില്‍ നിന്ന് തെന്നിമാറി കുഴിയിലേക്ക് പതിച്ച് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി–മുംബൈ എക്സ്പ്രസ് വേയിലാണ് സംഭവം. 15 വയസുള്ള കുട്ടിയും 60കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ഭിംപുര ഗ്രാമത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്നും ഗുജറാത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു വാഹനം. ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഹൈവേയില്‍ നിന്ന് തെന്നിമാറിയ വാഹനം മീഡിയനിലെ പുല്ലിലൂടെ പാഞ്ഞശേഷമാണ് വലിയ ഗര്‍ത്തത്തിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗവും മേല്‍ക്കൂരയും വേര്‍പെട്ടു. അപകടം നടന്ന സ്ഥലത്തുനിന്നും ദൂരെമാറിയാണ് വാഹനത്തിന്‍റെ നമ്പര്‍പ്ലേറ്റ് ഉള്‍പ്പടെയുള്ളവ കണ്ടെത്തിയത്.
അഹമ്മദാബാദ്–മുംബൈ സ്വദേശികളായ ഗുലാം റസൂല്‍, ഖാലിസ്, അബ്ദുല്‍ ഗുലാം, ഡാനിഷ് , ദുര്‍ഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. വാഹനത്തിനുള്ളില്‍ നിന്ന് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മരിച്ചവരെ പുറത്തെടുത്തത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ലക്ഷ്മി നാരായണ്‍ പാണ്ഡെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.