AI Generated Image

കള്ളിയെന്ന് വിളിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ നാലുവയസുകാരനേയും രണ്ടുവയസുകാരിയേയും 13കാരി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ഖൈരഗഢ്-ചുയിഖദാൻ-ഗണ്ടായി ജില്ലയില്‍ ഇന്നലെയാണ് സംഭവം. ബന്ധുക്കളായ സഹോദരങ്ങളേയാണ് പെണ്‍കുട്ടി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. പ്രതിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ചുയിഖദാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ജുരാനദിയിലാണ് അങ്ങേയറ്റം ഞെട്ടലുളവാക്കുന്ന സംഭവം നടന്നത്. ഗജാനന്ദ് വര്‍മയുടെ മക്കളായ നാല് വയസ്സുകാരൻ കരൺ വർമ്മയും രണ്ട് വയസ്സുകാരിയായ സഹോദരി വൈശാലിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കരണ്‍ തന്നെ പലതവണ ‘ചോര്‍’ എന്നുവിളിച്ച് കളിയാക്കിയതിനെ തുടര്‍ന്നാണ് ഇരുവരേയും സമീപത്തെ പച്ചക്കറിത്തോട്ടത്തിലെ കിണറ്റിലേക്ക് തള്ളിയിട്ടതെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. കുട്ടികളെ രണ്ടുപേരെയും കാണാതായതോടെയാണ് കുടുംബവും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചത്.

ആദ്യം വൈശാലിയുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടതോടെയാണ് കാണാതായ മകനും കിണറ്റില്‍ ഉണ്ടാകാമെന്ന് സംശയിച്ച് മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചത്. തുടര്‍ന്ന് ആണ്‍കുട്ടിയുടേയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കുട്ടികളുടെ അച്ഛന്റെ പരാതിയില്‍ ഭാരതീയ ന്യായ സംഹിത 103(1) വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടെ കുട്ടികളുടെ കസിന്‍ ആയ 13കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരെയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതോടെ പെണ്‍കുട്ടിയെ പിന്നീട് ജുവനൈൽ ഹോമിലേക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Two minor sibling drowned to death after cousin pushed them to the well just near by home in Chattisgarh, police arrested and sent her to juvenile home