ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് നീക്കം നടത്തിയ ജമ്മു കശ്മീരില്‍നിന്നുള്ള രണ്ട് ഡോക്ടർമാര്‍ സ്ഫോടക വസ്തുക്കളുമായി പിടിയില്‍. സ്ഫോടകവസ്തു നിര്‍മാണത്തിനുപയോഗിക്കുന്ന 360 കിലോ ഗ്രാം വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. ദേശീയ അന്വേഷണ ഏജൻസിയുള്‍പ്പെടെ അന്വേഷണം തുടങ്ങി.
രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് ആസൂത്രണം നടത്തിയെന്നുകരുതുന്ന രണ്ട് ഡോക്ടര്‍മാരെയാണ് യുപിയിലെ സഹറൻപൂരില്‍നിന്നും ഹരിയാനയിലെ ഫരീബാദില്‍നിന്നുമായി പിടികൂടിയത്. കശ്മീര്‍ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളേജിൽനിന്ന് കഴിഞ്ഞ ദിവസം എ കെ 47 തോക്കും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനുപിന്നാലെ നടത്തിയ നടത്തിയ അന്വേഷണമാണ് സഹാറൻപൂരിൽ ജോലിചെയ്യുന്ന ഡോ. ആദിൽ അഹമ്മദിലേക്കെത്തിയത്. ഇയാളില്‍നിന്ന് ഫരീദാബാദിലെ ഡോ. മുസ്മീൽ ഷക്കീലിനെക്കുറിച്ചും വിവരം ലഭിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന 360 കിലോ ഗ്രാം അമോണിയം നൈട്രേറ്റും ആയുധങ്ങളും ജമ്മു കശ്മീര്‍, ഹരിയാന പൊലീസുകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടിച്ചെടുത്തു. വന്‍ ഭീകരാക്രമണ നീക്കമാണ് തകര്‍ത്തതെന്ന് പൊലീസ്.
പിടിയിലായവര്‍ക്ക് ജെയ്ഷേ ഇ മൊഹമ്മദ് ഭീകരസംഘടനവുമായി ബന്ധമുണ്ടെന്നാണ് വിവരം. ആദില്‍ അഹമ്മദ് ജെയ്ഷേ അനുകൂല പോസ്റ്റര്‍ പതിച്ച കേസിലും പ്രതിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരില്‍ ഭീകര വിരുദ്ധ ദൗത്യത്തിന്‍റെ ഭാഗമായി നടന്ന വ്യാപക പരിശോധനയിലാണ് നിര്‍ണായ വിവരങ്ങള്‍ സുരക്ഷാ സേനയ്ക്ക് ലഭിച്ചത്.