AI Generated Image
നീറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി പരിശീലനം നടത്തുകയായിരുന്ന 21കാരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇന്നലെയാണ് സംഭവം. റൂം മേറ്റായ സുഹൃത്ത് പുറത്തു പോയി തിരികെ വന്ന സമയത്താണ് മുഹമ്മദ് അയാനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
റാംപൂര്‍ സ്വദേശിയായ മുഹമ്മദ് അയാനെ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഹോസ്റ്റലില്‍ നാലു ദിവസങ്ങള്‍ക്കു മുന്‍പാണ് അയാനെത്തിയത്. വെള്ളിയാഴ്ച നമസ്കാരത്തിനായി സുഹൃത്തും റൂം മേറ്റുമായ ഇംദാദ് ഹസന്‍ വിളിച്ചെങ്കിലും അയാന്‍ പോകാന്‍ തയ്യാറായില്ല. ഇംദാദ് തിരിച്ചെത്തിയപ്പോള്‍ കതക് പൂട്ടിയിട്ട നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും കതക് തുറക്കാതായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി കതക് തകര്‍ത്ത് മുറിയില്‍ കയറിയപ്പോഴാണ് അയാനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്നും മാതാപിതാക്കള്‍ക്കായി എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. ‘ഉപ്പയും ഉമ്മയും എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം നിറവേറ്റാന്‍ എനിക്ക് കഴിയില്ല, ഞാന്‍ അങ്ങേയറ്റം മാനസിക സമ്മര്‍ദ്ദത്തിലാണ്, ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നു, ഉത്തരവാദി ഞാന്‍ മാത്രം’–എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. മരണവിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.