Image: Manorama, Immigration checkpost on the india myanmar border

Image: Manorama, Immigration checkpost on the india myanmar border

TOPICS COVERED

 അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും നടത്തിയെന്ന് സമ്മതിച്ച് ഇന്ത്യ. ഇന്ത്യാ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 2025 ജൂലൈ മാസത്തില്‍ നടത്തിയ ഓപ്പറേഷനെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യ സ്ഥിരീകരിച്ചത്. ലഫ്റ്റനന്റ് കേണല്‍ ഗട്ടേജ് ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സ്ഥിരീകരണം. ഈ ബഹുമതിക്കൊപ്പമുള്ള വിവരണത്തിലാണ് 2025 ജൂലൈയിലെ ഓപ്പറേഷന് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നൽകിയത്.

ജൂലൈ 11നും 13നും ഇടയില്‍ ഇന്ത്യ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കം നടത്തിയത് കേണല്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു. കുപ്രസിദ്ധ തീവ്രവാദികളടക്കം ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇന്ത്യ അവകാശപ്പെടുന്നു. കേണലിന്‍റെ രഹസ്യമായ ആസൂത്രണത്തേയും ആക്രമണത്തേയും പ്രശംസിച്ച രേഖയില്‍ ഓപ്പറേഷന്‍റ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

തങ്ങളുടെ കിഴക്കന്‍ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമിച്ചെന്ന് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍ഡിപെന്റന്റ് (ULFA-I) ജൂലൈ 13ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ആരോപണം മാത്രമെന്ന് പറഞ്ഞ് ആ സംഭവത്തെ ഇന്ത്യ നിഷേധിക്കുകയും പിന്നീട് മൗനം പാലിക്കുകയും ചെയ്തു. പിന്നാലെ സംഘടനയുടെ സ്വയം പ്രഖ്യാപിത ലഫ്റ്റനന്റ് ജനറൽ നയൻ മെധി കൊല്ലപ്പെട്ടതായി സായുധഗ്രൂപ്പ് അറിയിച്ചു. നയന്‍ മേധിയുടെ സംസ്കാരം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടാവുകയും ബ്രിഗേഡിയര്‍ ഗണേഷ് അസം, കേണല്‍ പ്രദീപ് അസം,എന്നിവര്‍ കൊല്ലപ്പെടുകയും ചെയ്തതായി സംഘടന പറഞ്ഞു. അപ്പോഴും മൗനമായിരുന്നു ഇന്ത്യയുടെ പ്രതികരണം.

അതേസമയം, സംസ്ഥാന പൊലീസ് ആക്രമണം നടത്തിയിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അന്ന് പറഞ്ഞിരുന്നു. ആക്രമണത്തിൽ ഒൻപത് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. സ്വതന്ത്ര അസം ആവശ്യപ്പെട്ട് മ്യാന്‍മറിലെ സാഗൈങ്ക് മേഖലകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ULFA-I. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്ത സൈന്യം രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഗ്രൂപ്പിന്റെ ക്യാംപ് ലക്ഷ്യമിട്ടു എന്നുമാത്രമാണ് ശൗര്യ ചക്ര ബഹുമതിക്കൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 
ENGLISH SUMMARY:

Surgical Strike India confirms cross-border surgical strike conducted in Myanmar in July 2025. The operation targeted militant groups operating near the India-Myanmar border, resulting in casualties among the insurgents.