Image credit:x/dalipcse

Image credit:x/dalipcse

സ്കൂളില്‍ നേരിട്ട കളിയാക്കലുകളും ലൈംഗികച്ചുവ കലര്‍ന്ന പരിഹാസവും സഹിക്കാന്‍ വയ്യാതെ ഒന്‍പതു വയസുകാരി ജീവനൊടുക്കി. ജയ്പുറിലെ നീരജ മോഡി സ്കൂളിലാണ് സംഭവം. സ്കൂളില്‍ സഹപാഠികളില്‍ നിന്നുണ്ടായ അധിക്ഷേപങ്ങളാണ് അമെയ്റയെന്ന പെണ്‍കുട്ടിയെ തകര്‍ത്തുകളഞ്ഞത്. സ്കൂള്‍ കെട്ടിടത്തിലെ നാലാം നിലയില്‍ നിന്നാണ് കുട്ടി ചാടിയത്. ചാടുന്നതിന് രണ്ട് മിനിറ്റ് മുന്‍പ് രണ്ടുപ്രാവശ്യം കുട്ടി ക്ലാസ് ടീച്ചറിന് സമീപത്തേക്ക് ചെല്ലുന്നതും സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.  അതേസമയം കുട്ടി എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്താന്‍ അധ്യാപിക തയാറായിട്ടില്ല. 

സ്കൂളില്‍ കുട്ടികളുടെ പരിഹാസം സഹിക്കാവുന്നതിന് അപ്പുറമാണെന്ന് മകള്‍ വീട്ടില്‍ വന്ന് കരഞ്ഞു പറഞ്ഞുവെന്ന് അമ്മ ശിവാനി പറയുന്നു. ആ സ്കൂളിലേക്ക് ഇനി എന്നെ വിടരുതേയെന്ന് മകള്‍ കരയുന്നതിന്‍റെ ശബ്ദസന്ദേശമടക്കം സ്കൂള്‍ അധികൃതര്‍ക്ക് താന്‍ കൈമാറിയിരുന്നുവെങ്കിലും അധികൃതര്‍ ഗൗനിച്ചില്ലെന്നും സ്കൂളിലെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നായിരുന്നു പ്രതികരണം എന്നും ശിവാനി വെളിപ്പെടുത്തി. 

അയ്യായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കൈവരികളോ സുരക്ഷാ നെറ്റുകളോ ഇല്ലാതെ എങ്ങനെയാണ് മുകള്‍നിലയിലേക്ക് കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതെന്നും സിസിടിവിയ്ക്ക് ശബ്ദമില്ലാതായതും ദൃശ്യങ്ങള്‍ പുറത്തുവിടാത്തതും ദുരൂഹമാണെന്നും കുടുംബം ആരോപിക്കുന്നു. 

സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തുകയാണെന്നും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും ജയ്പുര്‍ ഡപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്കൂളില്‍ കുട്ടികള്‍ പരസ്പരം അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്തിരുന്നുവെന്നും മോശമായ സംസാരമുണ്ടായിരുന്നുവെന്നും ചില കുട്ടികള്‍ പറഞ്ഞതായി അവരുടെ മാതാപിതാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

A 9-year-old girl named Ameira died by suicide, jumping from the fourth floor of her school building in Jaipur, reportedly due to unbearable bullying and sexually suggestive remarks from classmates. Her mother, Shivani, revealed that she had previously shared a voice note with school authorities where the girl pleaded not to be sent back, but the school failed to act. The family is raising questions about the lack of safety barriers on the upper floors and demanding a comprehensive probe into the circumstances, including the contents of the girl's conversation with her teacher minutes before the jump