രാഹുൽ ഗാന്ധിയുടെ എച്ച് ഫയൽസിൽ തുടർ പ്രകമ്പനങ്ങൾ. ബ്രസീലിയന്‍ മോഡലിന്‍റെ പേരുപയോഗിച്ച് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച 22 പേരില്‍ അഞ്ചുപേര്‍ യഥാര്‍ഥ വോട്ടര്‍മാരാണെന്ന് കണ്ടെത്തി. സ്വീറ്റി, ദര്‍ശന, പിങ്കി, മുനിഷ് ദേവി, മഞ്ജിത് എന്നിവരെയാണ് കണ്ടെത്തിയത്. വോട്ടര്‍ പട്ടികയില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നതെങ്ങനെ എന്ന് അറിയില്ലെന്നും സ്ഥിരമായി വോട്ടുചെയ്യാറുണ്ടെന്നും ഹരിയാന സ്വദേശി സ്വീറ്റി അടക്കം അഞ്ച് പേര്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. ഡീ-ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ 3 വർഷമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കാത്തത് ബിജെപിയെ സഹായിക്കാനെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
2024ലെ ഹരിയാന തിരഞ്ഞെടുപ്പില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് വിവിധ പേരുകളില്‍ 22 പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. എന്നാല്‍ 2012ലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്നും ഐ.ഡി. കാര്‍ഡില്‍ ശരിയായ ചിത്രമാണ് ഉള്ളതെന്നും സ്വീറ്റി പറഞ്ഞു. ഐ.ഡി. കാര്‍ഡിലെ ഫോട്ടോ അടുത്ത മണ്ഡലത്തിലെ ഒരാളുടേതാണെന്നും മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും പിങ്കി എന്ന സ്ത്രീയും പ്രതികരിച്ചു. ഒരേ വിലാസത്തില്‍ 66 വോട്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിടത്ത് താമസിക്കുന്നത് കൂട്ടുകുടുംബമാണെന്നുമാണ് റിപ്പോര്‍ട്ട്. 10 ഏക്കറിൽ പല വീടുകളിലായാണ് ഇവര്‍ കഴിയുന്നത്.
അതേസമയം വോട്ടർ പട്ടികയിലെ ആവർത്തനം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഡീ-ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ 3 വർഷമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്നില്ല. സെന്റർ ഫോർ ഡെവലപ്‌മെന്റ് ആൻഡ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ 2022 ലെ സ്‌പെഷ്യൽ സമ്മറി റിവിഷൻ സമയത്താണ് അവസാനമായി ഉപയോഗിച്ചത്. വീടുകള്‍ തോറുമുള്ള പരിശോധന നടക്കാത്തപ്പോൾ മാത്രമേ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കൂ എന്നും സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണപ്രകാരം പ്രകാരം ഈ പ്രക്രിയ നടക്കുന്നുണ്ട് എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിസംഗത ബിജെപിയെ സഹായിക്കാനെന്നും വോട്ട് കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുകയാണെന്നും കോൺഗ്രസ് വിമര്‍ശിച്ചു.