ബെംഗളൂരു നഗരത്തിലെ വര്‍ധിച്ചുവരുന്ന തിരക്കിനും ശോച്യാവസ്ഥയ്ക്കുമെതിരെ നഗരവാസിയുടെ രൂക്ഷമായ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായി. കോര്‍പ്പറേറ്റുകളുടെ വിപുലീകരണവും ആളുകളെ പിന്നെയും പിന്നെയും നഗരത്തിലേക്ക് ക്ഷണിക്കുന്നതും നിര്‍ത്തേണ്ട സമയമായി എന്നായിരുന്നു നഗരവാസിയായ ആളുടെ സോഷ്യല്‍ മീഡിയ പ്രതികരണം. നഗരം പൂര്‍ണമായും തിരക്കേറിയതാണെന്നും നഗരത്തെ ശ്വസിക്കാന്‍ അനുവദിക്കുന്നതിന് കോര്‍പ്പറേറ്റുകള്‍ വിപുലീകരണ പദ്ധതികള്‍ താല്‍ക്കാലികമായെങ്കിലും നിര്‍ത്തേണ്ടതുണ്ടെന്നും വൈറലായ റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നു.
രാഷ്ട്രീയക്കാർ സബ്‌സിഡി നൽകി ആകർഷിച്ച കമ്പനികളുടെ 'അനന്തമായ വിപുലീകരണം' രൂക്ഷമായ ട്രാഫിക്ക്, വാടക വർദ്ധന, അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച എന്നിവയ്ക്ക് കാരണമായെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. ‘അതുകൊണ്ടാണ് ഒരു നേതാവും ഇപ്പോൾ പറയാൻ ധൈര്യമില്ലാത്ത ഒരു കാര്യം പറയാൻ തയ്യാറുള്ള ഒരു മേയറെ ബെംഗളൂരുവിന് ആവശ്യമുള്ളത്. നഗരത്തിന്‍റെ അടുത്ത ഘട്ടത്തിനായി പുതിയ വലിയ കോർപ്പറേറ്റ് വിപുലീകരണങ്ങളൊന്നും ഉണ്ടാകില്ല. കൂടുതൽ നികുതി ചുമത്തുകയും ആ പണം ബെംഗളൂരുവിൽ തന്നെ തുടരുകയും വേണം. ’ – പോസ്റ്റ് നിര്‍ദേശിക്കുന്നു. വൈറല്‍ പ്രതികരണത്തോട് ഒട്ടേറെ പേരാണ് പിന്തുണ അറിയിച്ചത്. ‘2017-ൽ ബംഗളൂരു പരമാവധി സംഭരണശേഷിയിൽ എത്തി. ഈ ഘട്ടത്തിൽ കൂടുതൽ മെട്രോ ലൈനുകൾ ചേർക്കുന്നത് വെടിയുണ്ടയിൽ മുറിവേൽപ്പിക്കുന്നതിന് തുല്യമാണ്’ എന്നായിരുന്നു ഒരു സോഷ്യല്‍മീഡിയ ഉപയോക്താവിന്‍റെ പ്രതികരണം. എന്നാല്‍ വൈറലായ പ്രതികരണത്തോട് ഒരുവിഭാഗം ഉപയോക്താക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. മറ്റുള്ളവർ നഗരത്തിലേക്ക് വരുന്നത് തടയുന്നതിന് പകരം നഗരത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നായിരുന്നു മറുപക്ഷം.
ദ്രുതഗതിയിലുള്ള നഗരവൽക്കരണവും കുതിച്ചുയരുന്ന ഐടി വ്യവസായവും ഇന്ത്യയുടെ ടെക് ഹബ്ബായ ബെംഗളൂരുവിനെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിലേക്കാണ് കൊണ്ടെത്തിച്ചത്. കുതിച്ചുയര്‍ന്ന നഗര ജനസംഖ്യയും ലക്ഷക്കണക്കിന് വാഹനങ്ങളുമാണ് റോഡുകളെ അഴിയാക്കുരുക്കുകളാക്കി മാറ്റുന്നത്. ഇടുങ്ങിയ തെരുവുകൾ, അപര്യാപ്തമായ പൊതുഗതാഗതം, നിലവിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളുടെ അഭാവം എന്നിവ പ്രശ്നം കൂടുതല്‍ വഷളാക്കി. മെട്രോ വിപുലീകരണങ്ങളും ട്രാഫിക് മാനേജ്‌മെന്‍റ് ആപ്പുകള്‍ പോലുള്ള സംരംഭങ്ങൾ ഉണ്ടായിരുന്നിട്ടുപോലും മോശം നഗരാസൂത്രണവും ഉയർന്ന വാഹന സാന്ദ്രതയുമാണ് ബംഗളൂരു നഗരത്തിന് വെല്ലുവിളിയാകുന്നത്.