TOPICS COVERED

രാത്രിയില്‍ രണ്ട് യുവതികളെ ഫ്ലാറ്റില്‍ താമസിപ്പിച്ചതിന് അവിവാഹിതരായ യുവാക്കള്‍ക്ക് 5,000 രൂപ പിഴയിട്ട്  ബെംഗളുരുവിലെ ഹൗസിങ് സൊസൈറ്റി. സമൂഹത്തില്‍ ബാച്ചിലേഴ്സിനോട് അന്യായമായ പെരുമാറ്റമാണെന്ന് ചൂണ്ടാക്കാട്ടി ഫ്ലാറ്റിലെ താമസക്കാരനായ ഒരാളാണ് പിഴയുടെ സ്ക്രീന്‍ഷോട്ട്  സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 

2025 ഒക്ടോബര്‍ 31-ാം തീയതി രണ്ടു പെണ്‍കുട്ടികള്‍ താമസിച്ചതിന് പിഴ ഈടാക്കുന്നു എന്നാണ് ഇന്‍വോയിസില്‍ രേഖപ്പെടുത്തിയത്. ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പില്‍ ഹൗസിങ് സൊസൈറ്റിയുടെ ഇരട്ടത്താപ്പും യുവാവ് പറയുന്നു. ഹൗസിങ് സൊസൈറ്റിയുടെ നിയമപ്രകാരം ബാച്ചിലേഴ്സിന്‍റെ ഫ്ലാറ്റില്‍ രാത്രിയില്‍ ഗസ്റ്റിനെ അനുവദിക്കില്ലെന്നാണ് ചട്ടം. എന്നാല്‍ ഫാമിലികള്‍ക്ക് ആകാം. അവരെ പോലെ എല്ലാ ഫീസും തങ്ങളും നല്‍കുന്നുണ്ടെന്നും യുവാവ് എഴുതി. 

പണം ഈടാക്കിയ നടപടി പുനഃപരിശോധിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചാണ് യുവാവ് പോസ്റ്റിട്ടത്. ''ഒരു മുന്നറിയിപ്പും നല്‍കാതെയാണ് പിഴയിട്ടത്. ഇത് വളരെ ചെറിയ ഒരു പ്രശ്നമാണെന്നറിയാം. ഇങ്ങനെ പെരുമാറുന്നത് നല്ലതല്ല. വലിയ നിയമനടപടികളെടുക്കാന്‍ സാധിക്കില്ലെങ്കിലും ഇത് പുനഃപരിശോധിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?" എന്നാണ് യുവാവ് ചോദിക്കുന്നത്.

ഇത് സാംസ്കാരിക പ്രശ്നമാണെന്നും പതിറ്റാണ്ടുകളെടുത്താലും ഇത് മാറാന്‍ പോകുന്നില്ലെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. മറ്റൊരിടത്തേക്ക് താമസം മാറാനാണ് പലരും നിര്‍ദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ധാരാളം പണവും സമയവുമുണ്ടെങ്കില്‍ കോടതിയാല്‍ പോകാം. അതില്ലാത്തതിനാല്‍ പ്രായോഗികമായ കാര്യം മാറി താമസിക്കുക എന്നതാണ്, എന്നാണ് മറ്റൊരു കമന്‍റ്. 

ENGLISH SUMMARY:

A viral social media post sparked debate after an unmarried man shared an invoice showing he was fined ₹5,000 by his housing society for hosting two female guests overnight. The resident highlighted the society's discriminatory rules, which prohibit guests for bachelors while allowing them for families, despite bachelors paying all fees.