സുഡാനില്‍ ആഭ്യന്തരകലാപം രൂക്ഷമാണ്. സൈന്യവും വിമതരും തമ്മിലുള്ള പോരില്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ അഭയാര്‍ഥികളാകുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതിനിടെയിലാണ് വിമതരുടെ ഒരു വിഡിയോ വൈറലാകുന്നത്. വിമതര്‍ തട്ടിക്കൊണ്ടുപോയ ഒരു ഒഡിഷ സ്വദേശിയോട് ചോദിക്കുന്ന ചോദ്യമാണ് പ്രചരിക്കുന്നത്. നിനക്ക് ഷാരൂഖ് ഖാനെ അറിയാമോയെന്നതാണ് വിമതര്‍ക്ക് അറിയേണ്ടിയിരുന്ന കാര്യം.
2022 മുതൽ അൽ ഫാഷിറിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിൽ ജോലിക്കാരനായിരുന്ന ഒഡിഷ സ്വദേശിയെ കഴിഞ്ഞ മാസമാണ് തട്ടിക്കൊണ്ടുപോയത്.
സുഡാൻ വിമതർക്കിടയിൽ നിൽക്കുന്ന ഇയാളുടെ വിഡിയോ ആണ് വൈറലാകുന്നത്. ജഗത്സിംഗ്പൂർ ജില്ലക്കാരനായ 36 വയസ്സുകാരൻ ആദർശ് ബെഹ്റയാണ് തട്ടിക്കൊണ്ടുപോയ വ്യക്തിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തിൽ സുഡാനീസ് സൈന്യത്തോട് പോരാടുന്ന അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) ആണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്.
ബെഹ്റയെ വളഞ്ഞുനിൽക്കുന്ന സായുധരായ ആർഎസ്എഫ് സൈനികരെ ഈ ദൃശ്യങ്ങളില്‍ കാണാം. ആർഎസ്എഫിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന സൗത്ത് ഡാർഫൂറിന്റെ തലസ്ഥാനമായ നയാലയിൽ ആണ് ബെഹ്റയെ തടവിലാക്കിയിരിക്കുന്നതെന്നാണ് വിവരം. കുടുംബം പങ്കുവച്ച വിഡിയോയില്‍ ബെഹ്റ തറയിലിരുന്ന് കൈകൂപ്പി ജീവനുവേണ്ടി കേഴുന്നതും കാണാം.
‘ഞാൻ ഇവിടെ അൽ ഫാഷിറിലാണ്, ഇവിടുത്തെ സാഹചര്യം വളരെ മോശമാണ്. രണ്ട് വർഷമായി വലിയ ബുദ്ധിമുട്ടോടെയാണ് ജീവിക്കുന്നത്. എന്റെ കുടുംബവും കുട്ടികളും നാട്ടില്‍ വിഷമത്തോടെയാണ് കഴിയുന്നത്. എന്നെ സഹായിക്കാൻ ഒഡിഷ സർക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും വിഡിയോയില്‍ പറയുന്നു. എട്ടും മൂന്നും വയസുള്ള രണ്ടു കുഞ്ഞുങ്ങളുണ്ടെന്നും ഒക്ടോബർ 20 മുതല്‍ ഭര്‍ത്താവിന്റെ ഫോണ്‍ കോളുകള്‍ നിലച്ചെന്നും ഭാര്യ പറയുന്നു. പിന്നീട് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു , അത് ഭർത്താവായിരുന്നു. അദ്ദേഹം കരയുകയായിരുന്നു. മുതലാളിയോടൊപ്പം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് ഭീകരര്‍ ബെഹ്റയെ തട്ടിക്കൊണ്ടുപോയത്.
എംബസിയോ റെഡ് ക്രോസോ ഇടപെട്ടാല്‍ ഇദ്ദേഹത്തെ രക്ഷിക്കാമെന്നും ഇവര്‍ പ്രതീക്ഷ പങ്കുവച്ചു. കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് ഒഡീഷ സർക്കാർ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. സുഡാനിലെ ഇന്ത്യൻ എംബസിയുമായി ഏകോപിപ്പിച്ച് ബെഹ്റയുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കാൻ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
2023 ഏപ്രിൽ മുതൽ ആർഎസ്എഫും സുഡാനീസ് ആംഡ് ഫോഴ്സും തമ്മിൽ പോരാട്ടം നടന്നുവരികയാണ്. സംഘർഷം ആരംഭിച്ചത് മുതൽ 13 ദശലക്ഷത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഡാർഫൂറും ഖാർത്തൂമും അതിശക്തമായ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശങ്ങളാണ്.