Image Credit: x/kosmoeducation

Image Credit: x/kosmoeducation

ജോലിക്ക് വൈകിയെത്തിയ ജീവനക്കാരികളെ വസ്ത്രമഴിപ്പിച്ച് ആര്‍ത്തവമാണോയെന്ന് പരിശോധിച്ചതായി പരാതി. ഹരിയാനയിലെ റോഹ്​തകില്‍ കഴിഞ്ഞ ഞായറാഴ്ചയാണ്  സംഭവം. മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയിലെ ശുചീകരണ തൊഴിലാളികള്‍ക്കാണ് മനുഷ്യത്വരഹിതമായ നടപടി നേരിടേണ്ടി വന്നത്. എന്താണ് ജോലിക്ക് വൈകിയെത്തിയതെന്ന് ചോദിച്ചപ്പോള്‍ ആര്‍ത്തവമായതിനാല്‍ വൈകിപ്പോയെന്നായിരുന്നു മറുപടി. ഉടന്‍ തന്നെ സൂപ്പര്‍വൈസര്‍മാര്‍ രണ്ടുപേരെയും മാറ്റി നിര്‍ത്തിയ ശേഷം വസ്ത്രം അഴിപ്പിച്ച് സാനിറ്ററി പാഡിന്‍റെ ചിത്രം പകര്‍ത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം വിവാദമായതോടെ ആഭ്യന്തര അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ വെറുതേ വിടില്ലെന്നും സര്‍വകലാശാല റജിസ്ട്രാര്‍ പ്രഖ്യാപിച്ചു. 

സൂപ്പര്‍വൈസര്‍മാരായ വിനോദും ജിതേന്ദ്രയുമാണ് മോശമായി പെരുമാറിയതെന്നാണ് ജീവനക്കാരികള്‍ പറയുന്നത്. ആര്‍ത്തവമാണെന്നും സുഖമില്ലായിരുന്നുവെന്നും  പറഞ്ഞതോടെ കള്ളം പറയുകയാണെന്നും പാഡിന്‍റെ ചിത്രം കാണണമെന്നും സൂപ്പര്‍വൈസര്‍മാര്‍ ശാഠ്യം പിടിച്ചു. തുടര്‍ന്ന് വനിതാ ജീവനക്കാരിയെ വിളിച്ചു വരുത്തിയ ശേഷം ശുചിമുറിയിലേക്ക് ജീവനക്കാരികളെ കൂട്ടിക്കൊണ്ട് പോവുകയും വസ്ത്രമഴിച്ച ശേഷം സാനിറ്ററി പാഡിന്‍റെ ചിത്രം പകര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ അസഭ്യം പറഞ്ഞുവെന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ഭീഷണിക്ക് വഴങ്ങി ചിത്രം പകര്‍ത്താന്‍ അനുവദിക്കുകയായിരുന്നു. 

വിവരം പുറത്തറിഞ്ഞതോടെ മറ്റ് വനിതാ ജീവനക്കാരും വിദ്യാര്‍ഥികളും വലിയ പ്രതിഷേധം ഉയര്‍ത്തി. രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിതവും സമാധാനപൂര്‍വവുമായ തൊഴില്‍ അന്തരീക്ഷമാണ് സര്‍വകലാശാല ഉറപ്പ് നല്‍കുന്നതെന്നും അതിന് വിഘാതമായുള്ള ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്നും സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.

ENGLISH SUMMARY:

In a shocking incident at Maharshi Dayanand University (MDU), Rohtak, two female sanitation workers who cited menstruation for being late were allegedly coerced by supervisors to undress in a restroom so their sanitary pads could be photographed. The workers filed a police complaint, leading to an internal investigation by the university registrar, who promised strict action against the accused supervisors, Vinod and Jitendra. The incident has sparked major outrage among students and staff.