Image Credit: x
ഷൂട്ടിങ് പരിശീലനത്തെ കുറിച്ച് വിശദമായി സംസാരിക്കാനുണ്ടെന്ന വ്യാജേനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് ദേശീയ ഷൂട്ടിങ് കോച്ചായ അങ്കുഷ് ഭരദ്വാജിനെതിരെ ഷൂട്ടിങ് താരത്തിന്‍റെ പരാതി. ഡിസംബറില്‍ ഫരീദാബാദിലെ ഹോട്ടലില്‍ വച്ച് അങ്കുഷ് തന്നെ ബലാല്‍സംഗം ചെയ്തെന്നാണ് പരാതിയിലുള്ളത്. സംഭവം നടക്കുമ്പോള്‍ താരത്തിന് പ്രായപൂര്‍ത്തിയായിരുന്നില്ല. കോച്ചിനെതിരെ ഹരിയാന പൊലീസ് കേസെടുത്തു. പരാതി വിവാദമായതോടെ അങ്കുഷിനെ ദേശീയ റൈഫിള്‍ അസോസിയേഷനില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
ഡിസംബര്‍ 16ന് ഡോ.കര്‍ണി സിങ് ഷൂട്ടിങ് അക്കാദമിയില്‍വച്ച് നടന്ന ദേശീയതല മല്‍സരത്തിന് പിന്നാലെയാണ് കോച്ച് ഹോട്ടലിലേക്ക് വിളിപ്പിച്ചതെന്ന് താരം പറയുന്നു. സുരാജ്കുണ്ടിലെ ഹോട്ടലിലേക്ക് പ്രകടനം വിലയിരുത്തുന്നതിനായി തന്നെ നിര്‍ബന്ധിച്ച് വിളിച്ചു വരുത്തി. തുടര്‍ന്ന് റൂമിലിരുന്ന് വിശദമായി സംസാരിക്കമമെന്ന് പറഞ്ഞു. റൂമിലെത്തിയതും കതക് പൂട്ടിയ ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. എതിര്‍ത്തുവെങ്കിലും അതിക്രമം തുടര്‍ന്നുവെന്നും പുറത്തുപറഞ്ഞാല്‍ കരിയറും കുടുംബവും നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം അങ്കുഷാണ് പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടാക്കി കൊടുത്തത്. മാതാപിതാക്കളെ നേരില്‍ കണ്ട ശേഷം, താന്‍ പറയുന്നതൊന്നും പെണ്‍കുട്ടി അനുസരിക്കുന്നില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. ഇതോടെ അമ്മ തന്നെ കഠിനമായി വഴക്കുപറഞ്ഞുവെന്നും ആ രാത്രിയില്‍ താന്‍ ഉറങ്ങിയില്ലെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പരാതി ലഭിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ഹോട്ടല്‍ അധികൃതരോട് പൊലീസ് അവശ്യപ്പെട്ടു. അങ്കുഷിനെ പൊലീസ് ഇതുവരെയും പിടികൂടിയിട്ടില്ല. സ്പോര്‍ട്സ് ഫെഡറേഷനും പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
2008ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ 50 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് അങ്കുഷ്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഉത്തേജകം ഉപയോഗിച്ചതിന് അങ്കുഷിനെ സായ് മല്‍സരങ്ങളില്‍ നിന്ന് വിലക്കി. എന്നാല്‍ തലവേദനയ്ക്ക് താന്‍ മരുന്ന് കഴിച്ചതാണെന്നും ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു അങ്കുഷിന്‍റെ മറുപടി. 2012 ല്‍ അങ്കുഷ് രാജ്യാന്തര മല്‍സരങ്ങളില്‍ മെഡലുകള്‍ നേടി. നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ അംഗീകരിച്ച 13 ദേശീയ പിസ്റ്റള്‍ കോച്ചുമാരില്‍ ഒരാളായിരുന്നു അങ്കുഷ്. രണ്ടുവട്ടം ഒളിംപിക്സ് മെഡല്‍ നേടിയ അന്‍ജും മുദ്ഗിലിനെയാണ് അങ്കുഷ് വിവാഹം കഴിച്ചത്.