Ai generated images
ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ത്തന്നെയുള്ള രാജു യാദവ് (26), റോഷന്‍ യാദവ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപ്രതികളെ പിടികൂടാനുണ്ട്. ഗഡ്‍വാര്‍ മേഖലയിലുള്ള ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടാണ് ക്രൂരകൃത്യം നടന്നത്. വൈകിട്ട് വീടിനടുത്തുള്ള പറമ്പില്‍ മൂത്രമൊഴിക്കാന്‍ പോയ പെണ്‍കുട്ടിയെ സമീപവാസികളായ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു.
രാജു, റോഷന്‍ എന്നിവര്‍ക്ക് പുറമേ രോഹിത്ത്, ലല്ലു എന്നിവരും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരാളുമാണ് പ്രതികള്‍. അതിജീവിതയുടെ അച്ഛന്‍റെ പരാതി പ്രകാരം ബുധനാഴ്ചയാണ് പൊലീസ് കേസെടുത്തത്. അതിജീവിതയുടെ മെഡിക്കല്‍ പരിശോധനയില്‍ ബലാല്‍സംഗം സ്ഥിരീകരിച്ചിരുന്നു. പോക്സോയും, ഭാരതീയ ന്യായസംഹിതയിലെ കൂട്ടബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികള്‍ക്കുവേണ്ടി വിപുലമായ തിരച്ചില്‍ നടത്തുന്നുണ്ടെന്ന് ബലിയ എസ്.പി ഓംവീര്‍ സിങ് അറിയിച്ചു.