Image:X
10 പെണ്‍മക്കള്‍ക്കു ശേഷം ഒരാണ്‍കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ഹരിയാനയിലെ ദമ്പതികള്‍. ഭാര്യയുടെ ആരോഗ്യം മോശം അവസ്ഥയിലായിരുന്നിട്ടും 11 തവണ പ്രസവിച്ചത് ആണ്‍കുഞ്ഞിനോടുള്ള കൊതികൊണ്ടല്ലെന്ന പിതാവിന്‍റെ വാദം ചര്‍ച്ചയാകുന്നു. പെണ്‍മക്കളുടെ പേര് ഓര്‍ത്തെടുക്കാന്‍ പാടുപെടുന്ന പിതാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.
അങ്ങേയറ്റം ബുദ്ധിമുട്ടേറിയ പ്രസവമാണ് നടന്നതെന്ന് 37കാരിയായ ഗര്‍ഭിണിയെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. ആണ്‍കുട്ടികളോടുള്ള താല്‍പര്യം കൊണ്ട് ഭാര്യയുടെ ആരോഗ്യം പോലും കണക്കാക്കാതെയായിരുന്നു ഈ പതിനൊന്നാം പ്രസവമെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു ഡോക്ടറുടെ പ്രതികരണം. 19 വര്‍ഷം മുന്‍പാണ് ജിന്ദ് ജില്ലയില്‍ നിന്നുള്ള ദമ്പതികള്‍ വിവാഹിതരായത്. ഉച്ചാന ടൗണിലുള്ള ഓജസ് ഹോസ്പിറ്റൽ ആൻഡ് മെറ്റേണിറ്റി ഹോമിൽ വെച്ചാണ് തന്‍റെ പതിനൊന്നാമത്തെ കുഞ്ഞിന് യുവതി ജന്‍മം നല്‍കിയത്. അമ്മയ്ക്ക് മൂന്ന് യൂണിറ്റ് രക്തം നൽകേണ്ടി വന്നെങ്കിലും നിലവില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്ന് ഡോക്ടർ നർവീർ ഷിയോറാൻ പറയുന്നു.
അതേസമയം പിതാവ് 38കാരനായ സഞ്ജയ് കുമാറിന്‍റെ ചില വാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹമല്ല പതിനൊന്ന് പ്രസവം നടത്തിയതിനു പിന്നിലെന്നും തന്‍റെ പത്ത് പെണ്‍മക്കള്‍ക്കും തന്നാലാവും വിധം ആഹാരവും വിദ്യാഭ്യാസവും നല്‍കുന്നുണ്ടെന്നുമായിരുന്നു പിതാവ് പറഞ്ഞത്. അതേസമയം തന്‍റെ പത്ത് പെണ്‍മക്കളുടെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ പാടുപെടുന്ന പിതാവിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. പത്ത് പെണ്‍മക്കളും സന്തോഷവതികളാണെന്നും ഒരു കുഞ്ഞനുജന്‍ പിറന്ന സന്തോഷത്തിലാണ് എല്ലാവരുമെന്നും പിതാവ് പറയുന്നു.
19 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുടുംബത്തിൽ സന്തോഷം കൊണ്ടുവന്ന കുഞ്ഞനുജന് പത്ത് സഹോദരിമാരും ചേർന്ന് ദിൽഖുഷ് എന്നാണ് പേരിട്ടത്. തന്‍റെ മക്കളെല്ലാം ദൈവം തന്ന സമ്മാനമാണെന്നും മൂത്ത മകൾക്ക് 18 വയസ്സ് പ്രായമുണ്ടെന്നും ഇദ്ദേഹം പറയുന്നു. മൂത്ത പെണ്‍കുട്ടി ഒരു സർക്കാർ സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു, രണ്ടാമത്തെയാള്‍ അമൃത പതിനൊന്നാം ക്ലാസിലും സുശീല ഏഴാം ക്ലാസിലും, കിരൺ ആറാം ക്ലാസിലും, ദിവ്യ അഞ്ചാം ക്ലാസിലും, മന്നത്ത് മൂന്നാം ക്ലാസിലും, കൃതിക രണ്ടാം ക്ലാസിലും, അംനീഷ് ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ലക്ഷ്മിയും വൈശാലിയുമാണ് ഒമ്പതാമത്തേയും പത്താമത്തേയും കുട്ടികള്‍. വൈശാലിക്ക് ശേഷമാണ് കുടുംബത്തിലേക്ക് ഒരു ആൺകുഞ്ഞ് എത്തുന്നത്. ഹരിയാനയിലെ സ്ത്രീ-പുരുഷ അനുപാതം ഇതിനോടകം തന്നെ നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ സംഭവം പുറത്തുവരുന്നത്.