AI Generated Image
ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിഡിയോ കോളിനിടെ പ്രവാസി ജീവനൊടുക്കി. മുസാഫര്‍നഗര്‍ സ്വദേശിയായ മുഹമ്മദ് അന്‍സാരി (24)യാണ് സൗദിയിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയത്. ഞായറാഴ്ചയായിരുന്നു സംഭവം. ആറുമാസം മുന്‍പാണ് അന്‍സാരി, സാനിയയെ വിവാഹം കഴിച്ചത്. രണ്ടര മാസം മുന്‍പ് തൊഴിലിനോട് അനുബന്ധിച്ച് അന്‍സാരി സൗദിയിലെ റിയാദിലെത്തി.
ഞായറാഴ്ച വൈകുന്നേരം പതിവുപോലെ വിഡിയോകോള്‍ ചെയ്തതാണ്. സംസാരത്തിനിടെ ഇരുവരും തെറ്റി. വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ സാനിയയെ ലൈവില്‍ ഇരുത്തി അന്‍സാരി ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. നടുങ്ങിപ്പോയ യുവതി സൗദിയിലുള്ള ബന്ധുക്കളെ ഉടനടി വിവരമറിയിച്ചുവെങ്കിലും അവര്‍ എത്തിയപ്പോഴേക്ക് വൈകിപ്പോയിരുന്നു.
അന്‍സാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുവായ അംജദ് അലി പറഞ്ഞു. നിയമപരമായ തടസങ്ങള്‍ നീക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു. അതേസമയം, സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദമ്പതികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായ വിഷയത്തിലടക്കം അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.