ടിടിഇ ചമഞ്ഞ് യാത്രക്കാരെ കബളിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൂണെ-ജമ്മുതാവി ഝലം എക്സ്പ്രസിലായിരുന്നു തട്ടിപ്പ്. തിരക്കുള്ള ട്രെയിനിൽ യാത്രക്കാർക്ക് സീറ്റ് അനുവദിച്ച് പണം വാങ്ങുന്ന വിഡിയോ യാത്രക്കാരൻ പകർത്തി. പണം നൽകിയാൽ വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫേം ടിക്കറ്റാക്കി നൽകാം എന്നായിരുന്നു വ്യാജ ടിടിഇയുടെ വാഗ്ദാനം.
ഝാൻസിയിൽ നിന്ന് ഗ്വാളിയോറിലേക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്ത കമൽ പാണ്ഡെ എന്നയാളാണ് യാത്രക്കാരിൽ നിന്നും പണം പിരിച്ചത്. വെയ്റ്റിംഗ് ടിക്കറ്റുള്ള യാത്രക്കാരിൽ നിന്ന് സീറ്റുകൾ വാഗ്ദാനം ചെയ്തായിരുന്നു പണം പിരിവ്. സംഭവത്തിന്‍റെ വിഡിയോ ചിത്രീകരിച്ച യാത്രക്കാരൻ റെയിൽവെ ടാഗ് ചെയ്ത് എക്സിൽ പോസ്റ്റു ചെയ്യുകയായിരുന്നു.
ടിടിഇ ചമഞ്ഞ് പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് റെയിൽവേ ഹെൽപ്പ്ലൈനായ 139-ലും പരാതി ലഭിച്ചിരുന്നു. പിന്നാലെ റെയിൽവെ നടത്തിയ പരിശോധനയിൽ ഗ്വാളിയോറിൽ വെച്ചാണ് വ്യാജ ടിടിഇയെ ആർപിഎഫ് പിടികൂടിയത്. ഉത്തർപ്രദേശിൽ പോസ്റ്റിങ് ലഭിച്ച സൈനികനാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഗ്വാളിയോർ സ്റ്റേഷനിൽ ഇറക്കിയ ഇയാളെ പിന്നീട് റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും 1620 രൂപ കണ്ടെടുത്തു. തട്ടിപ്പിന് കേസെടുത്തു.