റോഡിലിറങ്ങി പലതരത്തിലുള്ള അഭ്യാസങ്ങള്‍ കാണിക്കുന്നവരെ കൈകാര്യം ചെയ്ത് പൊലീസിന് ശീലമുണ്ട്. എന്നാല്‍ ഓടുന്ന കാറിലിരുന്ന് റോഡിലേക്ക് മൂത്രമൊഴിച്ച യുവാക്കളെ കണ്ട് അമ്പരന്നിരിക്കുകയാണ് ഗുരുഗ്രാം പൊലീസ്. പിന്നാലെയുള്ള വാഹനത്തിലുള്ളവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയത്.
ഹരിയാന സ്വദേശികളായ മോഹിത് (23), അനൂജ് (25) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. മോഹിതാണ് സംഭവ സമയത്ത് കാറോടിച്ചിരുന്നത്. സൈഡ് സീറ്റിലിരുന്ന അനൂജ് ഥാറിന്‍റെ വാതില്‍ തുറന്ന ശേഷം അതില്‍ ചവിട്ടി നിന്ന് റോഡിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. തിരക്കേറിയ സമയമായിരുന്നുവെന്ന് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനം അലക്ഷ്യമായി ഓടിച്ചെന്ന കുറ്റമാണ് മോഹിതിനെതിരെ ചുമത്തിയിരിക്കുന്നത്.
പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുള്ള വകുപ്പുകളാണ് അനൂജിനെതിരെയുള്ളത്. ഥാറോടിച്ച മോഹിത് കൊലക്കേസിലുള്‍പ്പടെ പ്രതിയാണെന്നും 2022 ഡിസംബറിലാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയതെന്നും പൊലീസ് വക്താവ് സന്ദീപ് കുമാര്‍ വെളിപ്പെടുത്തി. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.