ഗുരുഗ്രാമില്‍ പശുവിന് ചിക്കന്‍ മോമോസ് നല്‍കിയെന്നാരോപിച്ച് യൂട്യൂബറെ തല്ലിച്ചതച്ച ഗോരക്ഷാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവമുണ്ടായി മൂന്ന് ദിവസത്തിന് ശേഷമാണ് അഞ്ച് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ചമൻ ഖതാന, രോഹിത്, ലളിത്, ആയുഷ്മാൻ, കേശവ് എന്നിവരാണ് പിടിയിലായത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നൽകിയ പരാതിയില്‍ ഗുരുഗ്രാമിലെ ന്യൂ കോളനി നിവാസിയായ യൂട്യൂബര്‍ റിതിക് ചാന്ദ്‌ന (28) യെ ഡിസംബര്‍ 8ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ 2 നാണ് പശുവിന് ചിക്കൻ മോമോസ് കഴിക്കാന്‍ നല്‍കുന്ന വിഡിയോ റിതികിന്‍റെ വിഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത്. വിഡിയോയിൽ, 100 മോമോസ് കഴിക്കാനുള്ള ചലഞ്ചിന്‍റെ ഭാഗമായി ഒരു പ്ലേറ്റ് മോമോസുമായി അത് കഴിക്കാന്‍ പാടുപെടുന്ന റിതികിനെ കാണാം. ഒടുവില്‍ ബാക്കിയുള്ള മോമോസ് തെരുവിലെ പശുവിന് നല്‍കുകയായിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ ഗോ രക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചില അജ്ഞാതർ വീട്ടിലെത്തി മകനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തതായി റിതികിന്‍റെ പിതാവ് കൃഷൻ ചന്ദന പറഞ്ഞു. ഡിസംബർ 8 ഉച്ചയ്ക്കായിരുന്നു ആക്രമണം.
റിതിക് മാപ്പു പറയുന്ന വിഡിയോ ആക്രമികള്‍ യൂട്യൂബില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. വിഡിയോയില്‍ ഗോരക്ഷകർ ചുറ്റും നില്‍ക്കുന്നതും റിതിക് കൈകൂപ്പി മാപ്പ് പറയുന്നതും കാണാം. താൻ ചെയ്ത പ്രവൃത്തി തെറ്റാണെന്ന് റിതിക് സമ്മതിക്കുന്നുമുണ്ട്. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിഡിയോ നിര്‍മ്മിച്ചതെന്നും റിതിക് പറയുന്നു. ഈ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വിഡിയോ വൈറലായതിന് പിന്നാലെ കമന്‍റുകളുമായി നെറ്റിസണ്‍സുമെത്തി. പലരും ആക്രമണത്തെ ശക്തമായി അപലപിച്ചു. ‘പശുക്കൾ മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് പ്ലാസ്റ്റിക് ബാഗുകൾ തിന്നുന്നതും അവയ്ക്ക് രോഗം വരുന്നതും ആരും കാണുന്നില്ല. ചിക്കന്‍ മോമോസ് കഴിക്കുന്നതാണ് പ്രശ്നം. മതഭ്രാന്ത് മൂത്ത പുതിയ ഇന്ത്യയിലേക്ക് സ്വാഗതം!’ ഒരാള്‍ കമന്‍റായി കുറിച്ചു. ഇത്തരത്തിലുള്ള ആൾക്കൂട്ട ആക്രമണങ്ങള്‍ സമൂഹത്തിന്റെ പരാജയമാണെന്ന് മറ്റൊരു ഉപയോക്താവും കുറിച്ചു.