കുർണൂലിൽ ബസിന് തീപിടിച്ച് 20 യാത്രക്കാര്‍ വെന്തുമരിച്ച അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബസില്‍ 234 സ്മാര്‍ട്ഫോണുകളടങ്ങിയ പാഴ്സല്‍ ഉണ്ടായിരുന്നുവെന്നും അപകടത്തിന് പിന്നാലെ ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നുമാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള മംഗനാഥ് എന്ന ബിസിനസുകാരനാണ് സ്മാര്‍ട്ഫോണുകള്‍ പാഴ്സലായി അയച്ചത്. ബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് കമ്പനിയിലേക്കായിരുന്നു പാഴ്സല്‍ . പാഴ്സലിലുണ്ടായിരുന്ന 234 സ്മാർട്ട്‌ഫോണുകൾക്ക് ആകെ ഏകദേശം 46 ലക്ഷം രൂപ വിലവരും. തീപിടിക്കുന്നതിനിടെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിന്‍റെ എയർ കണ്ടീഷനിങ് സിസ്റ്റത്തിന്‍റെ ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ പി വെങ്കിട്ടരാമൻ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെയാണ് നഗരത്തെ നടുക്കിയ അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് 46 പേരുമായി പോയ കാവേരി ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. 20 യാത്രക്കാരാണ് അപകടത്തില്‍ വെന്തുമരിച്ചത്. ബസ് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. ഇന്ധന ചോർച്ച മൂലമാണ് ബസിന്‍റെ മുൻവശത്ത് ആദ്യം തീ പടർന്നതെന്ന് അഗ്നിരക്ഷാസേന പറയുന്നു. ബസിനടിയിൽ കുടുങ്ങിയ ബൈക്കില്‍ നിന്നും പുറത്തേക്ക് തെറിച്ച പെട്രോൾ ചൂടോ തീപ്പൊരിയോ കാരണം ആളിക്കത്തുകയായിരുന്നു. ബൈക്കിനെ ബസ് 200 മീറ്ററോളം വലിച്ചിഴച്ചിരുന്നു. പിന്നാലെ തീഗോളം ബസിനെ ഒന്നാകെ വിഴുങ്ങി. ചൂടിന്‍റെ തീവ്രത കാരണം ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ വരെ ഉരുകിപ്പോയിരുന്നു. ബസില്‍ തീപടര്‍ന്നതിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടിച്ച ബസിലെ ജനാലകൾ തകർത്താണ് 27 പേര്‍ രക്ഷപ്പെട്ടത്.
ബൈക്ക് അപകടത്തില്‍പ്പെടുന്നതിന് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 22 കാരനായ ബി ശിവ ശങ്കറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നെന്നാണ് സൂചന. ഇയാള്‍ അശ്രദ്ധമായാണ് വാഹനം ഓടിച്ചിരുന്നതും. ശിവശങ്കറിന്‍റെ ബൈക്കിനെ ബസ് 200 മീറ്ററോളം വലിച്ചിഴച്ചിരുന്നു. പുലർച്ചെ 2:23 ന് ശിവശങ്കര്‍ പെട്രോൾ പമ്പിൽ എത്തുന്നതിന്‍റെയും ആരെയും കാണാതെ വന്നതോടെ നിരാശനായി തിരിച്ചുപോകുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ബൈക്ക് ഓടിക്കുന്നതിനിടെ ഇയാള്‍ക്ക് ബാലന്‍സ് നഷ്ടമാകുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി ബൈക്ക് യാത്രികന്‍റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.