ദീപാവലി തിമിര്‍ത്ത് ആഘോഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. എല്ലാ വര്‍ഷവും പുത്തന്‍പുതിയ കളിപ്പാട്ടങ്ങളും പടക്കങ്ങളും വിപണി കീഴടക്കുന്ന സമയം കൂടിയാണിത്. മധ്യപ്രദേശില്‍ ഇത്തവണത്തെ ദീപാവലി ട്രെന്‍ഡായിരുന്നു ്‘കാര്‍ബൈഡ് ഗണ്‍’. ദേശി ഫയര്‍ക്രാക്കര്‍ ഗണ്‍ എന്ന് കൂടി അറിയപ്പെടുന്ന കാര്‍ബൈഡ് ഗണ്‍ പക്ഷേ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കിയത് ഭയാനകമായ അനുഭവങ്ങളാണ്.
ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ചത് 122 കുരുന്നുകളെയാണ്, ഇതില്‍ 14 പേരുടെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് വ്യാപകമായി കാര്‍ബൈഡ് ഗണ്‍ വില്‍പ്പന നടത്തിയ വിദിഷയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് കാഴ്ചാപ്രശ്നം സംഭവിച്ചത്. ഈ കാര്‍ബൈഡ് ഗണ്‍ വില്‍പനയ്ക്ക് ഒക്ടോബര്‍ 18ന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതു വകവയ്ക്കാതെയാണ് വിപണികള്‍ ട്രെന്‍ഡിനൊപ്പം നീങ്ങിയത്.
150 മുതല്‍ 200 രൂപയ്ക്കുവരെ വില്‍പന നടത്തുന്ന ഈ കാര്‍ബൈഡ് ഗണ്‍ കളിപ്പാട്ടമെന്ന രീതിയിലാണ് വില്‍പന നടത്തിയതെങ്കിലും ബോംബിനു സമാനമായ സ്ഫോടനം ഉണ്ടാക്കുന്നവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയിലുള്ളവരില്‍ ചിലര്‍ കാര്‍ബൈഡ് ഗണ്‍ വീട്ടില്‍ നിര്‍മിക്കാന്‍ ശ്രമിച്ചവരുമാണ്.
നിരോധനം മറികടന്ന് കാര്‍ബൈഡ് ഗണ്‍ വില്‍പന നടത്തിയ ആറുപേരെ വിദിഷ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലെ കണ്ണാശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ 72 മണിക്കൂറിനിടെ 26 കുട്ടികളാണ് ചികിത്സ തേടിയെത്തിയത്.