tte-attack

ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തവരെ പുറത്താക്കുന്നതിനിടെ ടിടിഇയ്ക്ക് നേരെ ആക്രമണം. ഹൗറയില്‍ നിന്നും ഡെറാഡൂണിലേക്കുള്ള ഡൂണ്‍ എക്സ്പ്രസ്സില്‍ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ടിക്കറ്റില്ലാതെ യാത്രക്കാര്‍ കയറിയതോടെ രാത്രി ഒന്‍പതോടെയാണ് റിസര്‍വേഷന്‍ കോച്ചിലെ യാത്രക്കാര്‍ പരാതി ഉന്നയിച്ചത്. ഇത് അന്വേഷിക്കാനെത്തിയ ടിടിഇ ദിവാകര്‍ മിശ്ര യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചു. ഇതിനിടെ കോച്ചിലുണ്ടായ സ്ത്രീകളാണ് ടിടിഇയോട് തര്‍ക്കിച്ചത്.

യാത്രക്കാരിലൊരാള്‍ ടിടിഇയുടെ കോളറില്‍ പിടിക്കുകയും ചൂട് ചായ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. ടിടിഇയുടെ മുഖത്തും കഴുത്തിലും പൊള്ളലേറ്റു. തര്‍ക്കത്തിനിടെ ഷര്‍ട്ട് വലിച്ചു കീറുകയും സ്വര്‍ണ മാല ഊരിപ്പോവുകയും ചെയ്തു. ടിടിഇയെ ആക്രമിച്ച യാത്രക്കാരിയെ തിരിച്ചറിയാന്‍ സ്റ്റേഷനിലെയും പ്ലാറ്റ്ഫോമിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ആര്‍പിഎഫ് വ്യക്തമാക്കി.

റെയില്‍വെ പൊലീസും ആര്‍പിഎഫും കോച്ചിലെത്തി. ടിടിഇയുടെ പരാതിയില്‍ യാത്രക്കാര്‍ക്കെതിരെ കേസെടുത്തു. ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് മുന്‍പ് തന്നെ ആക്രമിച്ച യാത്രക്കാരി ട്രെയിനില്‍ കയറിയെന്നാണ് ആര്‍പിഎഫ് നിഗമനം.

ENGLISH SUMMARY:

A TTE, Diwakar Mishra, was severely assaulted by a ticketless woman passenger on the Howrah-Dehradun Doon Express at Charbagh railway station after he tried to remove unauthorized travelers from the reserved coach. The woman grabbed his collar and poured hot tea on his face, causing burns.