Image Credit:Meta AI

കാമുകിയോടുള്ള തന്‍റെ സ്നേഹം സത്യമാണെന്ന് തെളിയിക്കാന്‍ വിഷം കഴിച്ച യുവാവ് മരിച്ചു. ഛത്തിസ്ഗഡിലെ കോര്‍ബയിലാണ് സംഭവം. കൃഷ്ണകുമാര്‍ പാണ്ഡോ(20)യാണ് മരിച്ചത്. ഗ്രാമവാസിയായ പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ബന്ധം വീട്ടിലറിഞ്ഞതോടെ പെണ്‍കുട്ടിയുടെ കുടുംബം കൃഷ്ണകുമാറിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സെപ്റ്റംബര്‍ 25ന് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി.

മകളോടുള്ള സ്നേഹം സത്യമാണെന്നതിന് എന്താണ് തെളിവെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചോദ്യം. പിന്നാലെ മകള്‍ വിഷം തന്നാലും കഴിക്കുമോ എന്ന് ചോദിച്ചു. യഥാര്‍ഥ സ്നേഹമുള്ളവര്‍ അങ്ങനെ ചെയ്യുമെന്ന് പറഞ്ഞതോടെ സ്നേഹം തെളിയിക്കാന്‍ യുവാവ് വിഷം വാങ്ങി അവിടെ വച്ച് തന്നെ കഴിക്കുകയായിരുന്നു. വൈകാതെ അവശനിലയിലാവുകയായിരുന്നു. പന്തികേടാണെന്ന് തോന്നിയതോടെ വിവരം യുവാവ് വീട്ടില്‍ വിളിച്ചറിച്ചു. അതിവേഗം സ്ഥലത്തെത്തിയ ബന്ധുക്കള്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. 

അതേസമയം, വിഷം തങ്ങള്‍ കൊടുത്തില്ലെന്നും വീട്ടിലെത്തിയതിന് പിന്നാലെ കൃഷ്ണകുമാര്‍ സ്വയം വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും പെണ്‍കുട്ടിയുടെ കുടുംബം അവകാശപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

ഉത്തര്‍പ്രദേശിലും നേരത്തെ കാമുകിയെ വിവാഹം കഴിക്കാനാവാതെ വന്നതിന്‍റെ കുറ്റബോധത്തില്‍ യുവാവ് ജീവനൊടുക്കിയിരുന്നു. യുവാവിന് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ പെണ്‍കുട്ടി ജീവനൊടുക്കി. ഇതറിഞ്ഞതോടെ യുവാവും മരിക്കുകയായിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

Love suicide: A young man died in Chhattisgarh after consuming poison to prove his love for his girlfriend. Police have registered a case and are investigating the circumstances surrounding his death.