രണ്ട് കുഞ്ഞുങ്ങളുടെ മുന്‍പില്‍വച്ച് അച്ഛനെ ദാരുണമായി കൊലപ്പെടുത്തി ആറംഗസംഘം. മഹാരാഷ്ട്രയിലാണ് സംഭവം. മൂന്നും പതിമൂന്നും വയസുള്ള കുഞ്ഞുങ്ങളുടെ മുന്‍പില്‍ വച്ചായിരുന്നു സംഘം ഓട്ടോ ഡ്രൈവര്‍ കൂടിയായ യുവാവിനെ ആക്രമിച്ചത്. പഴയൊരു വ്യാപാര തര്‍ക്കത്തിന്റെ പേരിലാണ് ആക്രമണം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ചത്രപതി സംഭാജിനഗർ നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ചയാണ് സംഭവം നടന്നത്. സയ്യിദ് ഇമ്രാൻ ഷഫീഖ് എന്നയാള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം പുറത്തുപോയ സമയത്താണ് ആക്രമണമുണ്ടായത്. സിൽക്ക് മിൽ കോളനി പ്രദേശത്തുവച്ച് ഒരു കാർ നേരെ വന്ന് സയ്യിദിന്റെ ഓട്ടോറിക്ഷ തടഞ്ഞു. പിന്നാലെ അഞ്ചോ ആറോ പേർ കാറില്‍ നിന്നിറങ്ങി യുവാവിനേയും കുട്ടികളെയും പുറത്തേക്ക് വലിച്ചിറക്കി. തുടർന്നുണ്ടായത് അതിക്രൂരമായ കാഴ്ചയായിരുന്നു.
സംഘം ഒന്നിച്ച് സയ്യിദിനെ മര്‍ദിക്കുകയും പിന്നാലെ വിരലുകള്‍ വെട്ടിയരിയുകയും ചെയ്തു. ഇവിടെയും തീര്‍ന്നില്ല ക്രൂരത, സയ്യിദിന്റെ വലതുകൈത്തണ്ട കീറിമുറിച്ച ശേഷം തലയിലും കഴുത്തിലും പലതവണ മര്‍ദിച്ചു. പിന്നാലെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പേടിച്ചുവിറച്ച കുഞ്ഞുങ്ങള്‍ക്കു മുന്‍പിലായിരുന്നു ഈ ക്രൂരകൃത്യങ്ങളെല്ലാം നടന്നത്. തുടര്‍ന്ന് നിസഹായരായ കുഞ്ഞുങ്ങള്‍ക്കു മുന്‍പില്‍ ഇയാളെ സംഘം ഉപേക്ഷിച്ചുപോയി.
പഴയൊരു ഗ്യാസ് ബിസിനസ് തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടന്ന് ഒമ്പത് മണിക്കൂറിനുള്ളിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ മുജീബ് ഡോണിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മുജീബിന്റെ സഹോദരൻ സദ്ദാം ഹുസൈൻ മൊയ്‌നുദ്ദീനും സഹോദരി ഭര്‍ത്താവ് ഷെയ്ഖ് ഇർഫാൻ ഷെയ്ഖ് സുലൈമാനും ആണ് പിടിയിലായ മറ്റു രണ്ടു പേര്‍.