Image: X
കിടപ്പറ രംഗം ഷൂട്ട് ചെയ്ത് വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. കർണാടകയിലെ പുത്തൻഹള്ളി സ്വദേശി സയ്യിദ് ഇനാമുള്‍ ഹഖിനും കുടുംബത്തിനുമെതിരെയാണ് പരാതി . ഭര്‍ത്താവും വീട്ടുകാരും തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
2024 ഡിസംബറിലാണ് യുവതിയും സയ്യിദ് ഇനാമുള്‍ ഹഖും വിവാഹിതരായത്. വിവാഹസമയത്ത് 340 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളും ഒരു യമഹ ബൈക്കും സയ്യിദിന് നല്‍കിയിരുന്നു.വിവാഹത്തിനുശേഷമാണ് താന്‍ രണ്ടാംഭാര്യയാണെന്ന് ഭര്‍ത്താവില്‍ നിന്ന് അറിഞ്ഞതെന്നും യുവതി പറയുന്നു. കൂടാതെ മറ്റ് 19 സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയതായും യുവതി പറഞ്ഞു. കിടപ്പുമുറിയില്‍ താനറിയാതെ ഭര്‍ത്താവ് ക്യാമറകള്‍ വച്ചതായും ശാരീരിക ബന്ധമുള്‍പ്പെടെ റെക്കോര്‍ഡ് ചെയ്ത് വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് കൈമാറിയതായും യുവതി ആരോപിക്കുന്നു. കൂടാതെ ഇന്ത്യയ്ക്കു പുറത്തുള്ള കൂട്ടാളികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും ഇയാൾ യുവതിയെ നിർബന്ധിച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നു.
ഈ ആവശ്യം യുവതി എതിർത്തപ്പോൾ സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും മാതാപിതാക്കളുടെ വീട്ടിൽ വെച്ചും ഭർത്താവ് ആവർത്തിച്ച് ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയതായും യുവതി ആരോപിക്കുന്നു.
ഒരു ഫ്ലാറ്റ് വാങ്ങുന്നതിനായി തന്‍റെ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ നിർബന്ധിച്ചതായും, വിസമ്മതിച്ചപ്പോൾ മർദിച്ചതായും യുവതി പറയുന്നു. ഭര്‍ത്താവിനു പുറമേ ഭർതൃവീട്ടുകാര്‍ക്കെതിരെയും യുവതി പരാതിപ്പെടുന്നു. ഫെബ്രുവരിയിൽ വീട്ടില്‍ നടന്ന ഒരു ചടങ്ങിനിടെ ഭർത്താവിന്‍റെ സഹോദരി അപമാനിച്ചു. പിന്നാലെ ഭർത്താവിന്‍റെ സഹോദരൻ ലൈംഗിക അതിക്രമം നടത്തി . സെപ്റ്റംബർ 21-നുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് മര്‍ദിച്ചു. ഒടുവില്‍ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു.