TOPICS COVERED

കാമുകിയുടെ വീട്ടിലെത്തിയ യുവാവിനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒഡീഷയിലെ സിലിമ ഗ്രാമത്തിലാണ് സംഭവം. ബിശ്വജിത് ബെഹ്‌റയാണ് മരിച്ചത്. 

സെപ്റ്റംബര്‍ 28 ന് രാത്രി വൈകിയാണ് സംഭവം. കാമുകി വിളിച്ചതിന് പിന്നാലെയാണ് യുവാവ് വീട്ടിലെത്തിയത്. റോഡരികില്‍ ബൈക്ക് നിര്‍ത്തിയിട്ട് യുവാവ് മതില്‍ചാടികടക്കുകയായിരുന്നു. മതില്‍ ചാടുന്നതിനിടെ വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. വീട്ടുകാരെത്തി ബിശ്വജിത്തിനെ ധെങ്കനാൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കൊലപാതകമാണെന്നും കാണിച്ച് ‌ബിശ്വജിത്തിന്‍റെ കുടുംബം ആരോപണം ഉന്നയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതാഘാതമേറ്റതാണ് മരണ കാരണമെന്നും കേസില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

സുഹൃത്തിനെ ഒപ്പം വിളിച്ചിരുന്നെങ്കിലും പിന്നീട് ബിശ്വജിത്ത് തനിച്ചാണ് കാമുകിയുടെ വീട്ടിലേക്ക് പോയത്. വീടിന് പിന്നില്‍ ആള്‍ക്കൂട്ടമുണ്ടെന്ന് കാമുകി സുഹൃത്തിനെ വിളിച്ചറിയിക്കുകയായിരുന്നു. സുഹൃത്ത് സ്ഥലത്തെത്തി നോക്കിയപ്പോഴാണ് ബിശ്വജിത്ത് വൈദ്യുത കമ്പിയില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്.  കൃഷിയിടത്തിന് സമീപത്തെ വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. ബിശ്വജിത്തിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്തിനും വൈദ്യുതാഘാതമേറ്റിട്ടുണ്ട്.   

ENGLISH SUMMARY:

Youth death investigation is underway. The young man was found dead due to electrocution at his girlfriend's house, and the family suspects foul play.