പാമ്പുമായി ട്രെയിനില്‍ കയറി യാത്രക്കാരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തി യുവാവ്. അഹമ്മദാബാദ് സബര്‍മതി എക്സ്പ്രസില്‍ നിന്നുള്ള യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വിഡിയോ എക്സില്‍ വൈറലാണ്. മധ്യപ്രദേശിലെ മുങ്ങോലിക്കും ബിന ജംഗ്ഷനും ഇടയിലാണ് സംഭവം.
പാമ്പുമായി ജനറല്‍ കോച്ചില്‍ കയറിയ ഇയാള്‍ യാത്രക്കാര്‍ക്ക് അടുത്തേക്ക് പോകുന്നതും ഭയന്ന് യാത്രക്കാര്‍ അകന്നിരിക്കുന്നതും വിഡിയോയില്‍ കാണാം. ഇയാള്‍ക്ക് യാത്രക്കാരന്‍ പണം നല്‍കുന്നതും വിഡിയോയിലുണ്ട്. പാമ്പിനെ ഭയന്ന് യാത്രക്കാര്‍ സീറ്റ് ഉപേക്ഷിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു.
"മധ്യപ്രദേശിലെ മുങ്ങോലിയിൽ നിന്നാണ് പാമ്പുമായി ഇയാൾ കയറിയത്. സാധാരണക്കാരായ തൊഴിലാളികളിൽ നിന്ന് പണം പിരിക്കാൻ പുതിയ വഴി" എന്ന തലക്കെട്ടോടെ റെയില്‍വേ അധികൃതരെ ടാഗ് ചെയ്താണ് വിഡിയോ. വിഡിയോ എക്സില്‍ പ്രചരിച്ചതിന് പിന്നാലെ റെയില്‍വേ പ്രതികരിച്ചിട്ടുണ്ട്. വിഡിയോ പോസ്റ്റു ചെയ്ത യാത്രക്കാരനോട് യാത്ര വിവരങ്ങള്‍ കൈമാറാനാണ് റെയില്‍വെ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ആര്‍പിഎഫ് ഇടപെടുമെന്നും റെയില്‍വേ വ്യക്തമാക്കി.