വൈദ്യുതാഘാതമേറ്റ പാമ്പിന് സിപിആർ നൽകി യുവാവ്. ഇയാള്‍ സ്വന്തം വായിൽ നിന്നും പാമ്പിന്റെ വായയിലേക്ക് സിപിആർ നൽകുന്ന വിഡിയോ സൈബറിടത്ത് വൈറലാണ്. ഗുജറാത്തിലെ വൽസാദിലാണ് സംഭവം നടന്നത്. ഇരയെ തേടിയെത്തിയ പാമ്പ് ത്രീ-ഫേസ് വൈദ്യുതി ലൈനിൽ കയറിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. തുടർന്ന് ഏകദേശം 15 അടി താഴ്ചയിലേക്ക് വീണ് അബോധാവസ്ഥയിലായി. ആ സമയത്താണ് മുകേഷ് വായദിനെ നാട്ടുകാർ സഹായം തേടി വിളിക്കുന്നതും അയാൾ സ്ഥലത്തെത്തുന്നതും.
പ്രാദേശിക പാമ്പ് ഗവേഷണ സ്ഥാപനത്തിൽ നിന്ന് പരിചയവും പരിശീലനവും നേടിയ ആളാണ് മുകേഷ് വായദ്. പാമ്പ് അനക്കവും പ്രതികരണമില്ലാതെ കിടക്കുന്നതായി യുവാവ് കണ്ടെത്തി. പിന്നാലെ, അതിന് സിപിആർ നൽകുകയായിരുന്നു. അരമണിക്കൂറോളം നീണ്ട നിരന്തരമായ പരിശ്രമത്തിനുശേഷം, പാമ്പ് ജീവനുള്ളതിന്റെ ലക്ഷണങ്ങൾ കാണിക്കാനും ചലിക്കാനും തുടങ്ങി.