old-man-sleep

AI Generated Image

പാമ്പ് കടിയേറ്റ് 56 കാരന്‍ മരിച്ച കേസില്‍ ട്വിസ്റ്റ്. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൊത്തട്ടൂർപേട്ടയിലെ സർക്കാർ സ്കൂളിലെ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി. ഗണേശനാണ് പാമ്പ് കടിയേറ്റ് മരിച്ചത്. പിന്നാലെ തന്നെ ഇദ്ദേഹത്തിന്‍റെ രണ്ട് മക്കള്‍ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ടെത്തി. ഇന്‍ഷുറന്‍സ് കമ്പനിക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗണേശന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്.

ഒക്ടോബർ 22-നാണ് വിഷപ്പാമ്പിന്‍റെ കടിയേറ്റ് ഗണേശന്‍ മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഗണേശന്‍റെ കഴുത്തിലാണ് കടിയേറ്റത്. മരണത്തിന് പിന്നാലെ ഇൻഷുറൻസ് തുകയ്ക്കായി ഗണേശന്‍റെ മക്കളായ മോഹൻരാജും ഹരിഹരനും കാണിച്ച ധൃതി ഇൻഷുറൻസ് കമ്പനികളിൽ സംശയമുണ്ടാക്കി. 11 ഇൻഷുറൻസ് പോളിസികളിൽ നിന്നായി ഏകദേശം മൂന്ന് കോടി രൂപയാണ് ഗണേശന്‍റെ പേരില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കേണ്ടിയിരുന്നത്.  

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുന്‍പും ഗണേശന് പാമ്പ് കടിയേറ്റിരുന്നതായി മനസിലായി. കരിമൂര്‍ഖന്‍റെ കടിയേറ്റ ഗണേശന്‍ അന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചപ്പോൾ ഗണേശിന്‍റെ മരണത്തിന് പിന്നില്‍  മക്കള്‍ക്കുള്ള  പങ്ക് വെളിപെട്ടു. 

പാമ്പിനെ എത്തിച്ചത് മക്കള്‍ തന്നെയെന്ന് കണ്ടെത്തി. പാമ്പിനെ എത്തിച്ചുനൽകിയവർക്ക് മക്കൾ ഒന്നരലക്ഷം രൂപയാണ് നല്‍കിയത്. അപകടമാണെന്ന് വരുത്തിത്തീർക്കാൻ പാമ്പിനെ വീടിനുള്ളിൽ വെച്ച് തന്നെ കൊന്നു. മരണം ഉറപ്പാക്കാൻ വേണ്ടി ഗണേശനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിക്കുകയും ചെയ്തു. മുന്‍പ് ഗണേശന് പാമ്പ് കടിയേറ്റതിന് പിന്നിലും മക്കള്‍ തന്നെയായിരുന്നു. സംഭവത്തില്‍ മോഹന്‍രാജും ഹരിഹരനും അറസ്റ്റിലായി. പാമ്പിനെ പിടിക്കാനും ഗൂഢാലോചനയ്ക്കും സഹായിച്ച ബാലാജി, പ്രശാന്ത്, ദിനകരൻ, നവീൻകുമാർ എന്നിവരും പിടിയിലായി. 

ENGLISH SUMMARY:

Snake bite death case reveals insurance fraud. The man's sons were arrested after an investigation revealed they orchestrated the snake bite to claim insurance money.